മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് രോഹിത് ശർമയെ വീണ്ടും നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ നായകൻ ഹാർദിക് പാണ്ഡ്യയെ മാറ്റി രോഹിത്തിന് ക്യാപ്റ്റൻസി നൽകാനുള്ള നീക്കങ്ങൾ സജീവമാണ്. ഡിസംബറിലെ മിനി ലേലത്തിന് മുന്നോടിയായി ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഹാർദിക് പാണ്ഡ്യയെ മറ്റൊരു ഫ്രാഞ്ചൈസിക്ക് ട്രേഡ് ചെയ്യാനുള്ള ചർച്ചകളും നടക്കുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ഐപിഎൽ സീസണിന് പിന്നാലെ ഹാർദിക് മുംബൈ ഇന്ത്യൻസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. വിവിധ ഫ്രാഞ്ചൈസികളുമായി ചർച്ചകൾ നടന്നെങ്കിലും തീരുമാനത്തിലെത്തിയിരുന്നില്ല. ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് രോഹിത്തിനെ വീണ്ടും നായകസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം.
അതേസമയം 2027 ഐപിഎൽ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് പരിശീലക സംഘത്തിലും വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. മുഖ്യ പരിശീലകൻ മഹേല ജയവർധനെയെ മാറ്റി കെയ്റൺ പൊള്ളാർഡിനെ പുതിയ പരിശീലകനായി നിയമിച്ചു. ലസിത് മലിംഗയ്ക്ക് പകരം മുൻ ന്യൂസിലൻഡ് താരവും മുംബൈ ഇന്ത്യൻസിന്റെ മുൻ ബൗളറുമായ മിച്ചൽ മക്ലനഗൻ ബൗളിംഗ് പരിശീലകനാകും.
മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയെ ബാറ്റിംഗ് പരിശീലകനായും ഇന്ത്യൻ ടീമിന്റെ മുൻ ഫീൽഡിംഗ് പരിശീലകൻ ടി. ദിലീപിനെ ഫീൽഡിംഗ് പരിശീലകനായും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിന്റെ പകുതിയിൽ ടീം പ്രതിസന്ധിയിലായിരുന്നപ്പോൾ തന്നെ ഹാർദിക്കിനെ മാറ്റി രോഹിത്തിനെ ക്യാപ്റ്റനാക്കാൻ മുംബൈ മാനേജ്മെന്റ് ആലോചിച്ചിരുന്നു.