കൊച്ചി: നടപ്പുസാന്പത്തികവർഷത്തെ ആദ്യ പാദത്തിൽ 80 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്.
മുൻവർഷത്തെ സമാനപാദത്തിൽ 81 കോടി രൂപയുടെ നഷ്ടമാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ സാന്പത്തികവർഷത്തെ നാലാംപാദത്തിൽ ബാങ്ക് 24 കോടി രൂപ ലാഭം നേടിയിരുന്നു. സുരക്ഷിതവായ്പകൾ, സ്വർണവായ്പകൾ, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളിൽ വളർച്ച രേഖപ്പെടുത്തി.
ചെറുകിടസംരംഭങ്ങൾ, കൃഷി, റീട്ടെയ്ൽ, സ്വർണവായ്പ തുടങ്ങിയ മേഖലകളിൽ സുരക്ഷിത വായ്പാവിതരണം ശക്തിപ്പെടുത്തിയതാണു ബാങ്കിനെ ലാഭത്തിലെത്തിച്ചത്. ബാങ്ക് കൈകാര്യംചെയ്യുന്ന മൊത്തം ബിസിനസ് 50000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു.
മൊത്തം വായ്പ 27 ശതമാനം വാർഷികവളർച്ചയോടെ 23,216 കോടി രൂപയും നിക്ഷേപം 19 ശതമാനം വളർച്ചയോടെ 26,924 കോടി രൂപയുമായി. 35 ശതമാനം വാർഷികവളർച്ചയോടെ 14,465 കോടി രൂപയാണു സുരക്ഷിതവായ്പ. മൊത്തം വായ്പയിൽ 62 ശതമാനമാണു സുരക്ഷിതവായ്പകൾ.
കാസ (കറന്റ് അക്കൗണ്ട്: സേവിംഗ്സ് അക്കൗണ്ട്) അനുപാതം 12 ശതമാനം വളർച്ചയോടെ 6,297 കോടി രൂപയിലെത്തി. ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം 82.3 ശതമാനമാണ്. മൊത്ത നിഷ്ക്രിയ ആസ്തി 5.4 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.8 ശതമാനമായും മെച്ചപ്പെട്ടു. നീക്കിയിരുപ്പ് അനുപാതം ഉയർന്ന് 85.5 ശതമാനത്തിലെത്തി.
പലിശ വരുമാനം 33 ശതമാനം വാർഷികവളർച്ചയോടെ 1098 കോടി രൂപയായി. ബാങ്കിന്റെ വരുമാനവും ചെലവും തമ്മിലുള്ള അനുപാതം മുൻ വർഷത്തെ 78.2 ശതമാനത്തിൽനിന്ന് 58.1 ശതമാനമായി മെച്ചപ്പെട്ടു. പ്രവർത്തനലാഭം 179 ശതമാനം വാർഷിക വളർച്ചനേടി 349 കോടി രൂപയിലെത്തി.
വായ്പകളിലെ റിസ്ക് കുറച്ചും ആസ്തികളുടെ ഗുണമേൻമ വർധിപ്പിച്ചും സുസ്ഥിരമായ വളർച്ച കൈവരിക്കാനാണു ലക്ഷ്യമിടുന്നതെന്ന് ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. കെ. പോൾ തോമസ് പറഞ്ഞു.