ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഐടി ആക്ടിലെ 79-ാം വകുപ്പില്‍ ഭേദഗതി വരുത്തി പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിക്കുന്ന നിയമപരമായ സുരക്ഷ എടുത്തു കളയാനാണ് പുതിയ ആലോചന. എക്സ്, യൂട്യൂബ്, മെറ്റ തുടങ്ങിയ പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളെ ലക്ഷ്യമിട്ടാണ് ഈ നീക്കം.
നിലവിലെ നിയമപ്രകാരം ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനികള്‍ നേരിട്ട് നിയമപരമായി ഉത്തരവാദികളാകില്ല. എന്നാല്‍ ഈ സുരക്ഷ പിന്‍വലിച്ചാല്‍, വിവാദപരമോ നിയമവിരുദ്ധമോ ആയ പോസ്റ്റുകളുടെ പേരില്‍ കമ്പനികള്‍ക്കെതിരെ നേരിട്ട് കേസെടുക്കാന്‍ സര്‍ക്കാരിന് സാധിക്കും.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ വെറും വിവരക്കൈമാറ്റ മാധ്യമങ്ങളായി ഇനി കണക്കാക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. അല്‍ഗോരിതങ്ങള്‍ വഴി ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് കൃത്യമായ പങ്കുണ്ട്. അതിനാല്‍ ഉപയോക്താക്കള്‍ കാണുന്ന ഉള്ളടക്കങ്ങള്‍ എന്തായിരിക്കണമെന്ന് സജീവമായി തീരുമാനിക്കുന്ന ഈ കമ്പനികള്‍ക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, ടെലികോം സേവന ദാതാക്കള്‍, പിയര്‍-ടു-പിയര്‍ മെസേജിംഗ് പ്ലാറ്റ്ഫോമുകള് തുടങ്ങിയവയ്ക്ക് മാത്രം ഈ സംരക്ഷണം പരിമിതപ്പെടുത്താമോ എന്നും സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. നിലവില്‍ സര്‍ക്കാര്‍ നോട്ടീസ് നല്കുമ്പോള് പോസ്റ്റുകള്‍ പിന്‍വലിക്കുന്ന രീതിയാണ് തുടരുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി സര്‍ക്കാരും സോഷ്യല്‍ മീഡിയ കമ്പനികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാണ്. ഇതിനിടെ, വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്ലോഡ് ചെയ്ത ഒരു വീഡിയോ ഫേസ്ബുക്ക് ഇന്ത്യയില്‍ താത്കാലികമായി തടഞ്ഞുവച്ചിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് ജൂലൈ മാസത്തില്‍ ഐടി മന്ത്രാലയം മെറ്റയുടെ ആഗോള നയ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.