കൊച്ചി: റഷ്യയിലെ സമ്പന്നമായ വ്യവസായ-സാങ്കേതിക മേഖലയായ ടാട്ടർസ്ഥാനും കേരളവുമായി വ്യാപാര, വ്യവസായ, നിക്ഷേപ സഹകരണത്തിന് വഴിതുറക്കുന്നു.
ഇതിന്റെ ഭാഗമായി ടാട്ടർസ്ഥാന്‍ സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ഡെലിഗേഷന് ഫെഡറേഷന് ഓഫ് ചേംബേഴ്സ് (ഐടിഡിഎഫ്സി) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബെന്‍സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഇന്ത്യന്‍ പ്രതിനിധി സംഘം റഷ്യയില്‍ നടന്ന രണ്ടാമത് റഷ്യന്‍-ഇന്ത്യന്‍ ബിസിനസ് ഫോറത്തിൽ (ടൈം 2026) പങ്കെടുത്തു.
കേരളവുമായി വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച ടാട്ടർസ്ഥാൻ സര്‍ക്കാര്‍ പ്രതിനിധികള്‍ അടുത്തവര്‍ഷം കേരളം സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉന്നതതല നയതന്ത്രവ്യാപാര ഇടപെടലുകളില്‍ പങ്കാളിയായിട്ടുള്ള ഐടിഡിഎഫ്സിയുടെ പ്രവര്‍ത്തനപരിചയവും സാമ്പത്തിക- നയതന്ത്ര മേഖലയിലെ ഇടപെടലുകളുമാണ് സംഘടനയ്ക്ക് ടാട്ടർസ്ഥാന്‍ സര്‍ക്കാരിന്റെ ക്ഷണം ലഭിക്കാന്‍ കാരണമായതെന്ന് ബെന്‍സി ജോര്‍ജ് പറഞ്ഞു.
ജനസംഖ്യ താരതമ്യേന കുറവാണെങ്കിലും പ്രകൃതിവിഭവങ്ങള്‍, വ്യവസായം, നൂതന സാങ്കേതികവിദ്യ എന്നിവയില്‍ മികച്ച ശേഷിയുള്ള മേഖലയാണു ടാട്ടർസ്ഥാൻ.