കൊടകര: മധ്യകേരളത്തിലെ ആദ്യത്തെ എഐസിടിഇ ഐഡിയ ലാബ് സഹൃദയ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ഉദ്ഘാടനം ചെയ്തു. ഓൾഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനും (എഐസിടിഇ) സഹൃദയ കോളജും സംയുക്തമായി ആരംഭിച്ച ലാബ്, സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും സഹൃദയയിലെ പൂർവ വിദ്യാർഥിയും ജോബിൻ ആൻഡ് ജിസ്മി കന്പനി കോ-ഫൗണ്ടറും സിഇഒയുമായ ജിസ്മി ജോബിന്റെയും സാന്പത്തിക പങ്കാളിത്തത്തോടെ 1.2 കോടി ചെലവിട്ടാണു വികസിപ്പിച്ചത്.
മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട രൂപത മെത്രാനും ഇരിങ്ങാലക്കുട ഡയോസിഷൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ (ഐഡിഇടി) ചെയർമാനുമായ മാർ പോളി കണ്ണൂക്കാടൻ, ചാലക്കുടി എംഎൽഎ ടി.ജെ. സനീഷ് കുമാർ ജോസഫ്, സഹൃദയ കോളജ് മാനേജർ മോണ്‍. വിൽസണ്‍ ഈരത്തറ, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ആന്റോ ചുങ്കത്ത്, ഫിനാൻസ് ഓഫീസർ ഫാ. അനിൽ പുത്തശേരി, ഡയറക്ടർ ഡോ. ലിയോണ്‍ ഇട്ടിയച്ചൻ, ജോയിന്റ് ഡയറക്ടർ ഡോ. സുധാ ജോർജ് വാളവി, പ്രിൻസിപ്പൽ ഡോ. എസ്. രാംകുമാർ, എഐസിടിഇ ഐഡിയ ലാബ് കോ-ഓർഡിനേറ്റർ ജിബിൻ ജോസ്, കോ-കോർഡിനേറ്റർ സെബിൻ ഡേവിസ് എന്നിവർ പങ്കെടുത്തു.
പുതിയ ആശയവുമായി എത്തുന്നവർക്ക് അതിന്റെ പൂർണ പ്രോട്ടോടൈപ്പ് വികസിപ്പിക്കാൻ സാധിക്കുന്ന സംവിധാനമാണ് ഐഡിയ ലാബ്. ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് പ്രോട്ടോടൈപ്പിംഗ് സ്റ്റുഡിയോ, ഡിജിറ്റൽ മാനുഫാക്ചറിംഗ് സ്റ്റുഡിയോ, റാപ്പിഡ് പ്രോട്ടോടൈപ്പിംഗ് സ്റ്റുഡിയോ, ഫാബ്രിക്കേഷൻ സ്റ്റുഡിയോ എന്നിങ്ങനെ പ്രത്യേക സ്റ്റുഡിയോകളാണു ലാബിന്റെ ഭാഗമായുള്ളത്. പിസിബി ഫാബ്രിക്കേഷൻ, 3ഡി പ്രിന്റിംഗ് (അഡിറ്റീവ് മാനുഫാക്ചറിംഗ്), സിഎൻസി മെഷീനിംഗ്, ലേസർ കട്ടിംഗ്, എംബഡഡ് സിസ്റ്റംസ് ഡെവലപ്മെന്റ് തുടങ്ങിയ അത്യാധുനിക സാങ്കേതികസൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.