കട്ടപ്പന: ഇടുക്കിക്കു കെണിയായി വീണ്ടും റവന്യു വകുപ്പിന്റെ ഉത്തരവ്. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തിനു തടസമാകുന്ന വേലികളും കെട്ടിട നിര്‍മാണങ്ങളും പൊളിക്കും. ജില്ലയിലെ ജനങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കുമായി കാര്യനിര്‍വഹണം നടത്തേണ്ട ജില്ലാ കളക്ടറാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
ജില്ലാ ദുരന്ത നിവാരണ അഥോററ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ദുരന്ത നിവാരണ അഥോറിറ്റി അധ്യക്ഷന്‍ എന്ന നിലയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ വന്യജീവികള്‍ക്ക് സ്വാഭാവികമായി സഞ്ചരിക്കുന്നതിനു തടസമാകുന്ന തരത്തില്‍ വനമേഖലയിലും വനമേഖലയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലും നിര്‍മിച്ചിരിക്കുന്ന വേലികള്‍, മതിലുകള്‍, അനധികൃത കെട്ടിടങ്ങള്‍ എന്നിവ പൊളിച്ചു നീക്കണമെന്നാണ് ഉത്തരവില്‍ നിർദേശിക്കുന്നത്.
നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കംചെയ്യുന്നതിന് ദേവികുളം സബ്കളക്ടര്‍, മൂന്നാര്‍ ഡിഎഫ്ഒ, തദ്ദേശ സ്ഥാപന ജോയിന്റ് ഡയറക്ടര്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30 ( 2) ( വി) പ്രകാരം ചുമതലപ്പെടുത്തി. ഇതനുസരിച്ച് ഇടുക്കി ജില്ലയിലെ ഏതു നിര്‍മാണങ്ങളും പൊളിച്ചു നീക്കാന്‍ ഇവര്‍ക്ക് അധികാരം നല്‍കുകയാണ്.
വന്യജീവി സങ്കേതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ഇടുക്കി ജില്ല. വനംവകുപ്പിന്റെ കണക്കുപ്രകാരം ഇടുക്കി ജില്ലയിലെ 74 ശതമാനം പ്രദേശവും വനമോ സംരക്ഷിത വനപ്രദേശമോ ആണ്. പുതിയ ഉത്തരവനുസരിച്ച് എപ്പോള്‍ വേണമെങ്കിലും ഇടുക്കി ജില്ലയിലെ നിര്‍മാണങ്ങള്‍ പൊളിച്ചടുക്കാം. വന്യജീവികളുടെ സഞ്ചാരപാത നിര്‍ണയിക്കുന്നത് വനംവകുപ്പാണ്.
ജില്ലയില്‍ വര്‍ധിച്ചുവരുന്ന മനുഷ്യ-വന്യജിവി സംഘര്‍ഷത്തിനു വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം തടസപ്പെടുത്തിയുള്ള നിര്‍മാണങ്ങളാണ് കാരണമെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കുന്നതെന്നും ബുധനാഴ്ചത്തെ ഉത്തരവില്‍ പറയുന്നു.
മനുഷ്യ-വന്യ ജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേബറില്‍ കഴിഞ്ഞ 19ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലെ തീരുമാനമായാണ് പുതിയ ഉത്തരവിലെ പരാമര്‍ശം.