ന്യൂഡൽഹി: അന്ത്യോഖ്യയുടെയും പൗരസ്ത്യ സിറിയക്കാരുടെയും പാത്രിയാർക്കീസായ ഇഗ്നാത്തിയോസ് ജോസഫ് തൃതീയൻ ബാവയ്ക്ക് ഡൽഹി സിബിസിഐ ആസ്ഥാനത്ത് ഊഷ്മള വരവേല്പ്.
സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ഡോ. മാത്യു കോയിക്കൽ അദ്ദേഹത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. പൗരസ്ത്യ സഭകളുമായുള്ള ബന്ധത്തിന്റെ ഭാഗമായി ഇഗ്നാത്തിയോസ് ജോസഫ് തൃതീയൻ ബാവ കേരളത്തിൽ പലതവണ സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും ഡൽഹിയിലെ സിബിസിഐ ആസ്ഥാനം സന്ദർശിക്കുന്നത് ഇതാദ്യമാണ്.
ഇന്ത്യയിലെ കത്തോലിക്കാസഭയുമായുള്ള ആത്മീയ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമാണ് തനിക്കു ലഭിച്ച സ്വീകരണമെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞു.
ദരിദ്രരിലേക്കും അവശരിലേക്കും കരുണയോടെ എത്തിച്ചേരുകയും ക്രിസ്തുവിന്റെ സ്നേഹം ജീവിതത്തിലൂടെ പ്രകടമാക്കുകയും ചെയ്തവരായിരുന്നു നമ്മുടെ പൂർവികരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.