മേലുകാവ്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയിലെ അനധികൃത കൈയേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പരിശോധിക്കും. അനധികൃതമായി തടി വെട്ടിയ സ്ഥലവും പൊതുസ്ഥലത്ത് സ്വകാര്യവ്യക്തി റോഡ് നിർമിച്ച സ്ഥലവും സമിതി പരിശോധിക്കും. തുടർനടപടിക്കായി റവന്യൂ അധികാരികളോട് നിർദേശിക്കുന്നതിന് മുന്നോടിയായാണ് ഭരണസമിതി സ്ഥലം സന്ദർശിക്കുന്നത്. പൂഞ്ചിറയിൽ അനധികൃത കൈയേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും വ്യാപകമാകുന്നതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്കെടുത്തിരുന്നു. തുടർന്നാണ് തുടർനടപടിക്കായി ബുധനാഴ്ച സ്ഥലം സന്ദർശിക്കുവാൻ തീരുമാനിച്ചത്.
വിനോദസഞ്ചാര വികസനത്തിനായി സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന പ്രദേശത്ത് തന്നെ പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇവിടുത്തെ ജൈവ അടയാളമായ ചിറ്റീന്തും വ്യാപകമായി വെട്ടി നശിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ വരുമാനമാർഗം കൂടിയാണ് ചിറ്റീന്ത്. കുന്നിൻപ്രദേശങ്ങളിലെ സ്വാഭാവിക ജല ഒഴുക്ക് തടസപ്പെടുത്തുന്ന നിർമാണങ്ങളും മലഞ്ചെരിവുകളുടെ സ്ഥിരതയെ ബാധിക്കുന്ന അനധികൃത പ്രവർത്തനങ്ങളും ഭാവിയിൽ ഗുരുതരമായ ദുരന്തങ്ങൾക്ക് കാരണമാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പ്രകൃതിയെ അവഗണിച്ചുള്ള അനധികൃത നിർമാണങ്ങളും കുന്നിൻപ്രദേശങ്ങളിലെ നിയന്ത്രണമില്ലാത്ത മനുഷ്യ ഇടപെടലുകളും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതായി വിദഗ്ധർ ആവർത്തിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇലവീഴാപ്പൂഞ്ചിറ പോലുള്ള പരിസ്ഥിതി ദുർബല മേഖലകളിൽ അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും ഉടൻ കണ്ടെത്തി തടയാൻ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്ത പരിശോധന നടത്തണമെന്നും നിയമലംഘകർക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു.