റാവൽപിണ്ടി: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാൻ ഖാന് (73) ജയിലിൽ അർഹമായ ചികിത്സയും അന്തസും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഐക്കൺ ബ്രയാൻ ലാറ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് ലാറ രംഗത്തെത്തിയത്.
2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് തടവറയിൽ ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന കുടുംബത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ആഗോള ക്രിക്കറ്റ് ലോകത്ത് നിന്ന് പിന്തുണയേറുന്നത്.
"ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏതാനും തവണ മാത്രമേ ഇമ്രാൻ ഖാനുമായി നേർക്കുനേർ വന്നിട്ടുള്ളൂവെങ്കിലും, അദ്ദേഹത്തോടുള്ള ബഹുമാനം ശാശ്വതമാണ്. തന്റെ രാജ്യത്തിന് പ്രതീക്ഷയും പ്രചോദനവുമായിരുന്ന ഒരാൾക്ക് അർഹമായ മാനുഷിക പരിഗണന ലഭിക്കുന്നില്ലെന്നത് സങ്കടകരമാണ്. ഇത് രാഷ്ട്രീയമല്ല, കളിക്കളത്തിലെ ഇതിഹാസത്തിന് നൽകേണ്ട അടിസ്ഥാനപരമായ മാനവികതയാണ്" - ലാറ വ്യക്തമാക്കി.
ലാറയ്ക്ക് പുറമേ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ സുനിൽ ഗവാസ്കർ, കപിൽ ദേവ്, ഓസ്ട്രേലിയൻ ഇതിഹാസം ഗ്രെഗ് ചാപ്പൽ, നിലവിലെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നിവരും ഇമ്രാൻ ഖാന് മെച്ചപ്പെട്ട വൈദ്യസഹായവും മാന്യമായ പരിഗണനയും നൽകണമെന്ന് മുൻപ് ആവശ്യപ്പെട്ടിരുന്നു.
ഇമ്രാൻ ഖാന്റെ ആരോഗ്യം വഷളാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് സ്വതന്ത്ര മെഡിക്കൽ പരിശോധനയും ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബവും പാർട്ടി പ്രവർത്തകരും പോരാട്ടം തുടരുകയാണ്.