ന്യൂഡൽഹി: ഇമിഗ്രേഷൻ പരിശോധന നടത്താതെ മൂന്ന് ഇറ്റാലിയൻ പൗരന്മാർ ഡൽഹിയിൽ നിന്ന് ജർമ്മനിയിലെ മ്യൂണിക്കിലേക്ക് കടന്ന സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. എയർ ഇന്ത്യയുടെ പാസഞ്ചർ ഹാൻഡ്ലിംഗ് സിസ്റ്റത്തിലെ ഗുരുതരമായ വീഴ്ചയെത്തുടർന്നാണ് നടപടി. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം.
സെപ്റ്റംബർ നാലിന് പുലർച്ചെ അമൃത്സറിൽ നിന്ന് എയർ ഇന്ത്യയുടെ എഐ-1115 വിമാനത്തിൽ ഡൽഹിയിലെത്തിയ മൂന്ന് ഇറ്റാലിയൻ പൗരന്മാരാണ് മതിയായ രേഖകളില്ലാതെയും ഇമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാതെയുമാണ് ജർമ്മനിയിലേക്ക് കടന്നത്. ഡൽഹിയിലെത്തി ഒരു മണിക്കൂറിന് ശേഷം ലുഫ്താൻസ എയർലൈൻസിന്റെ എൽഎച്ച്-763 വിമാനത്തിൽ ഇവർ മ്യൂണിക്കിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
ചെറിയ വിമാനത്താവളങ്ങളെ വലിയ ഹബ്ബുകളുമായി ബന്ധിപ്പിക്കുന്ന 'ഹബ് ആൻഡ് സ്പോക്ക്' സംവിധാനത്തിലാണ് യാത്രക്കാർ സഞ്ചരിച്ചിരുന്നത്. അമൃത്സറിൽ നിന്ന് ഡൽഹിയിലേക്കുള്ള ആഭ്യന്തര യാത്രയ്ക്കുള്ള ഡി കാറ്റഗറി ബോർഡിംഗ് പാസാണ് ഇവർക്ക് നൽകിയിരുന്നത്. എന്നാൽ അമൃത്സറിൽ വച്ച് തന്നെ തുടർയാത്രയ്ക്കുള്ള ലുഫ്താൻസ ബോർഡിംഗ് പാസും ഇവർക്ക് നൽകിയിരുന്നു. ഇത് എയർ ഇന്ത്യയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ഡൽഹിയിലെത്തിയ ഇന്റർനാഷണൽ ടു ഇന്റർനാഷണൽ ട്രാൻസ്ഫർ ഏരിയയിലൂടെയാണ് യാത്രക്കാരെ കടത്തിവിട്ടത്. ആഭ്യന്തര യാത്രക്കാരെയും അന്താരാഷ്ട്ര യാത്രക്കാരെയും കൃത്യമായി വേർതിരിക്കണമെന്ന മാനദണ്ഡം ഇവിടെ പാലിച്ചില്ല. കൃത്യമായ പരിശോധനാ സംവിധാനങ്ങൾ പരാജയപ്പെട്ടതോടെ യാതൊരുവിധ ഇമിഗ്രേഷൻ ക്ലിയറൻസും ഇല്ലാതെയാണ് ഇവർ ഗേറ്റ് 39 വഴി വിമാനത്തിൽ കയറിയത്.
അഞ്ച് സുപ്രധാന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ ലംഘനങ്ങളാണ് എയർ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ആഭ്യന്തര ബോർഡിംഗ് പാസ് ഉണ്ടായിരുന്ന യാത്രക്കാർക്ക് അന്താരാഷ്ട്ര ട്രാൻസ്ഫർ ഏരിയയിലേക്ക് എങ്ങനെ പ്രവേശനം ലഭിച്ചു, എയർ ഇന്ത്യയുടെയും എസ്എടിഎസ് സ്റ്റാഫുകളുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച എന്തുകൊണ്ട് സംഭവിച്ചു തുടങ്ങിയ കാര്യങ്ങളിൽ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്.
മാനുവൽ റീകൺസിലിയേഷനിടെയാണ് ഈ ഗുരുതര സുരക്ഷാ വീഴ്ച അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. എയർ ഇന്ത്യ നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ എയർലൈനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.