ന്യൂഡൽഹി: നൂറു ശതമാനം ഇറക്കുമതിത്തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രതിനിധിസഭയുടെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ജന്മദിന സമ്മാനമെന്ന് കെ.സി. വേണുഗോപാൽ എംപി.
രാജ്യത്തിന്റെ ഊർജസുരക്ഷയിൽ വിട്ടുവീഴ്ച വരുത്തുകയും ഡാറ്റ മുഴുവൻ അടിയറ വയ്ക്കുകയും ചെയ്തതിന്റെ ഭാഗമാണ് യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന മറുപടി തൃപ്തികരമല്ല. സർക്കാരിനെ ചോദ്യം ചെയ്യുന്ന നിരവധി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടുകൾ പൂഴ്ത്തിവയ്ക്കുന്ന സാഹചര്യത്തിലാണ് ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാൻ വേണ്ടി മാത്രം കമ്മിറ്റി റിപ്പോർട്ടിനെ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തിൽനിന്നുള്ള പിന്നോട്ടുപോക്കാണ് യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.