Kerala
തിരുവനന്തപുരം: ദീപിക കളർ ഇന്ത്യ മത്സരം സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെ പ്രഘോഷിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആയിരക്കണക്കിന് ഇളംമനസുകളിൽ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾ ഉണർത്താനും മത്സരം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"ദീപിക കളർ ഇന്ത്യ' സീസൺ അഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരമൊരു ബൃഹത് സംരംഭം ഒരുക്കുന്ന ദീപിക മാനേജ്മെന്റിനെ അഭിനന്ദിക്കുന്നുവെന്നും വിവിധ സംസ്ഥാനങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നുവെന്നത് അഭിമാനകരമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷവും ദീപികയുടെ 140-ാം വാർഷികവും ദീപിക ബാലസഖ്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് ‘ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരേയുള്ള ബോധവത്കരണം ലക്ഷ്യമിട്ടുമാണ് "ദീപിക കളർ ഇന്ത്യ' മത്സരം സംഘടിപ്പിക്കുന്നത്.
കേരളത്തിൽ ഇന്നലെ സ്കൂളുകൾ പ്രവർത്തിച്ച ജില്ലകളിലെല്ലാം മത്സരം നടത്തി. ആവേശത്തോടെയാണ് കുട്ടികൾ മത്സരത്തിൽ പങ്കാളികളായത്. ഇന്നലെ അവധിയായിരുന്ന സ്കൂളുകളിൽ സൗകര്യപ്രദമായ അടുത്ത പ്രവൃത്തിദിനത്തിൽ മത്സരം നടക്കും.
കേരളത്തിനു പുറത്ത് തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, ആസാം, ഛത്തീസ്ഗഡ്, ഹരിയാന, മധ്യപ്രദേശ്, മണിപ്പുർ, പഞ്ചാബ്, തെലുങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സ്കൂളുകളിലും ഇന്നലെ മത്സരം നടന്നു.
Todays Story
എനിക്കു രക്തം തരൂ, ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം തരാം എന്നു രാജ്യത്തോടു വിളിച്ചു പറഞ്ഞ സ്വാതന്ത്ര്യ സമരസേനാനി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിവസമാണ് ജനുവരി 23. അദേഹത്തിന്റെ ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജനുവരി 23ന് പരാക്രം ദിവസ്, ആയി ആഘോഷിക്കാന്‍ 2021 ജനുവരി 19 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്നു നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മദിനമാണ്. നേതാജിയുടെ അജയ്യമായ ചൈതന്യത്തെയും രാഷ്ട്രത്തിനായുള്ള നിസ്വാര്‍ഥ സേവനത്തെയും ബഹുമാനിക്കുന്നതിനും സ്മരിക്കുന്നതിനുമായാണ് പരാക്രം ദിവസ് ആഘോഷിക്കുന്നത്. പരാക്രം ദിവസ് -ധീരതയുടെ ദിനം, വീരദിനം എന്നൊക്കെയാണ് അർഥമാക്കുന്നത് .
നേതാജി ജയന്തി അല്ലെങ്കിൽ സുഭാഷ് ചന്ദ്ര ബോസ് ജയന്തി എന്നും ഈ ദിവസത്തെ വിളിക്കാറുണ്ട്. ദേശ സ്നേഹികളുടെ രാജകുമാരൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തെരഞ്ഞടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്, റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ നേതാവ് എന്നീ വിശേഷണങ്ങളൊക്കെ അദേഹത്തിനു സ്വന്തമാണ്.
സിവിൽ സർവീസ് വെടിഞ്ഞ്
1897 ജനുവരി 23ൽ ജാനകിനാഥ് ബോസ്, പ്രഭാവതി ദത്ത് ബോസ് ദന്പതികൾക്ക് ഒന്‍പതാമത്തെ മകനായി ഒഡീഷയിലെ കട്ടക്കിൽ ജനനം. പ്രൊട്ടസ്റ്റന്റ് മിഷനറിമാർ നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. തുടർന്നു കോൽക്കത്തയിലെ പ്രസിഡൻസി കോളജിൽ പഠനം. കേംബ്രിഡ്ജ് സർവകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസം. 1920 ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് പ്രവേശനപ്പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി. എങ്കിലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനായി സിവിൽ സർവീസ് ഉപേക്ഷിച്ചു.
തുടർന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി പാര്‍ട്ടിയിലേക്ക് എത്തിയ നേതാജി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കും എത്തിയിരുന്നു. 1938 ൽ ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എങ്കിലും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോട് അദ്ദേഹത്തിനു യോജിപ്പ് ഇല്ലായിരുന്നു.
1939 മേയ് മൂന്നിന് ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചു. 1943ൽ ഐഎൻഎ ഇന്ത്യൻ നാഷണൽ ആർമി പ്രസ്ഥാനം രൂപീകരിച്ചു രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാനായി പോരാട്ടം തുടങ്ങി.
നേതാജി എന്നു വിളിച്ചത്
സുഭാഷ് ചന്ദ്ര ബോസിനെ നേതാജി എന്ന് രബീന്ദ്ര നാഥ ടാഗോറാണ് ആദ്യമായി വിളിച്ചത്. നേതാജിയ്ക്കു രാജ്യത്തോടുണ്ടായിരുന്ന ആത്മാര്‍പ്പണവും സേവന സന്നദ്ധതയും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള മനക്കരുത്തും ഇന്നും ദേശസ്നേഹികൾക്കു പ്രചോദനമാണ്. സ്വാതന്ത്ര്യ സമരകാലത്ത് അദേഹം നടത്തിയ ധീരമായ പോരാട്ടങ്ങളെയും രാജ്യത്തോടുള്ള നിസ്വാർഥ സേവനത്തെയും സ്മരിക്കാനും യുവാക്കളിൽ ദേശസ്നേഹം വളർത്താനും ലക്ഷ്യമാക്കിയാണ് പരാക്രം ദിവസ് ആചരിക്കുന്നത്.
അതേസമയം, ബോസിന്റെ ജന്മദിനം തൃണമൂൽ കോൺഗ്രസ് ദേശ് നായക് ദിവസ് ആയും ആഘോഷിക്കുന്നു. ജയ്ഹിന്ദ്, ദില്ലിചലോ, എന്നീ പ്രശസ്ത മുദ്രാവാക്യങ്ങൾക്ക് ഉടമയും ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് ആദ്യം വിശേഷിപ്പിച്ച വ്യക്തിയും അദേഹമാണ്. ലേറ്റേഴ്സ് ടു എമിലി ഷെങ്കൽ, ദി ഇന്ത്യൻ സ്ട്രഗിൾ എന്നിവയാണ് അദേഹത്തിന്റെ പ്രശസ്തമായ രചനകൾ. ആൻ ഇന്ത്യൻ പിൽഗ്രിമേജ് എന്ന ആത്മകഥ പൂർത്തീകരിക്കാൻ അദ്ദേഹത്തിനായില്ല. 1945 ഓഗസ്റ്റ് 18ന് ബോസ് തായ്വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാൽ, ഇതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.
ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിലാണ് നേതാജിയുടേതെന്നു കരുതുന്ന ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നത്.