ഉപ്പുതറ: സ്വതന്ത്ര അംഗം രമണി രൂപേഷ് യുഡിഎഫ് പിന്തുണയോടെ ഉപ്പുതറ പഞ്ചായത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എട്ടിനെതിരേ ഒൻപത് വോട്ടുകൾക്കാണ് രമണി വിജയിച്ചത്. പഞ്ചായത്തിലെ ഏക ബിജെപി അംഗം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബിജെപി അംഗം പിന്തുണച്ചതോടെയാണ് 10 മാസത്തെ എൽഡിഎഫ് ഭരണം ഉപ്പുതറയിൽ അവസാനിച്ചത്. അവിശ്വാസപ്രമേയത്തെ പിന്തുണച്ച ബിജെപി അംഗം ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നതും ശ്രദ്ധേയമായി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രമണി രൂപേഷ് എൽഡിഎഫ് ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു. പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും എട്ട് വീതം അംഗങ്ങളുണ്ട്. ബിജെപിക്ക് ഒരംഗവും ഒരാൾ സ്വതന്ത്രയുമാണ്.
യുഡിഎഫിലെ എട്ടിൽ ഏഴ് അംഗങ്ങളും കോൺഗ്രസിൽ നിന്നാണ്. ഒരാൾ ആർഎസ്പി പ്രതിനിധിയാണ്. ആർഎസ്പി അംഗം പഞ്ചായത്തിൽ വൈസ് പ്രസിഡന്റായേക്കുമെന്നാണ് സൂചന.
പഞ്ചായത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് രമണി ദീപികയോട് പറഞ്ഞു. പഞ്ചായത്തുഭരണം തിരിച്ചുപിടിച്ചതിനു പിന്നാലെ യുഡിഎഫ് ഉപ്പുതറ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു നേതൃത്വം നൽകിയ പ്രകടനത്തിൽ ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.