തൃശൂർ: ജീവനക്കാരുടെ കുറവുമൂലം ഒരു ദശാബ്ദത്തിലധികമായി പ്രതിസന്ധിയിൽ തുടരുന്ന ഇന്ത്യൻ കോഫി ഹൗസ് മേഖലയ്ക്കു സർക്കാരിന്റെ പച്ചക്കൊടി.
350ഓളം ജീവനക്കാരെ അടിയന്തരമായി നിയമിച്ചു മേഖലയെ പരിപോഷിപ്പിക്കാനാണു നീക്കം. ഇതുസംബന്ധിച്ച തീരുമാനം വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനു കൈമാറിയതായാണു വിവരം.
പുതിയ നിയമനത്തിനു വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ അനുമതി ലഭിച്ചാൽ പത്ര പരസ്യം നല്കിയാണ് അപേക്ഷ ക്ഷണിക്കുക. ജനറൽ വർക്കർ തസ്തികയിലേക്കു മാത്രമാണു നേരിട്ടുള്ള നിയമനം.
മറ്റു തസ്തികകളിലേക്കു സർവീസിലുള്ളവരിൽനിന്നു സീനിയോറിറ്റി അടിസ്ഥാനത്തിലും മിനിസ്റ്റീരിയൽ തസ്തികയിലേക്ക് എഴുത്തുപരീക്ഷയിലൂടെയുമാണു നിയമനം നടത്തുക.
ജീവനക്കാരുടെ കുറവുമൂലം തൃശൂർ മുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിലായി പ്രവർത്തിച്ചിരുന്ന 58 ഇന്ത്യൻ കോഫി ഹൗസ് ശാഖകളിൽ 13 ശാഖകളാണു കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ പൂട്ടിയത്. അറുനൂറു പേരെയെങ്കിലും പുതിയതായി നിയമിക്കണമെന്നാണ് ആവശ്യം.