ന്യൂഡൽഹി: മിന്നൽപ്രളയം ദുരന്തഭൂമിയാക്കിയ നേപ്പാളിനു സഹായഹസ്തം നീട്ടി ഇന്ത്യ. മരുന്നുകളും ഭക്ഷണപ്പാക്കറ്റുകളുമടങ്ങുന്ന 37.5 ടൺ രണ്ടാംഘട്ട ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിലേക്ക് ഇന്നലെ കയറ്റി അയച്ചു. ഇന്ത്യയുടെ സൈനിക ഗതാഗത വിമാനത്തിലാണ് ദുരിതാശ്വാസമെത്തിച്ചത്.
ബുധനാഴ്ച തന്നെ ഇന്ത്യ ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ അയച്ചിരുന്നു. എല്ലാ മാനുഷികസഹായവും ഇന്ത്യ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായ്ക്ക് ഉറപ്പു നൽകി മണിക്കൂറുകൾക്കു ശേഷമാണ് 10 ടൺ അടങ്ങുന്ന ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ കയറ്റി അയച്ചത്. താത്കാലിക ഷെൽട്ടറുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാംപുകൾ, മരുന്നുകൾ എന്നിവയാണ് ഇന്ത്യ ദുരന്തമുഖത്ത് എത്തിച്ചത്.