ഗോഹട്ടി: വിജയം മാത്രം മുന്നിൽക്കണ്ട് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിറങ്ങും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ആദ്യ മത്സരത്തിൽ കടപുഴകി 30 റണ്സ് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് പരന്പര നഷ്ടമാകാതിരിക്കാൻ ജയിച്ചേ തീരൂ.
മത്സരം തോറ്റാലും സമനിലയായാലും പരന്പര നഷ്ടമാകുമെന്നതിനാൽ ജയിച്ചേ തീരൂ. മറിച്ചായാൽ 10 വർഷങ്ങൾക്കുപ്പുറം ഇന്ത്യയെ വീഴ്ത്തി പ്രോട്ടീസ് കപ്പുയർത്തും. അതേസമയം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ അഭാവവും ഇന്ത്യക്ക് തിരിച്ചടിയാണ്. ഗില്ലിന്റെ അഭാവത്തിൽ ഋഷഭ് പന്ത് ടീമിനെ നയിക്കും. ഗില്ലിന് പകരം സായ് സുദർശനോ ദേവ്ദത്ത് പടിക്കലോ ടീമിലെത്തിയേക്കും.
കോൽക്കത്തയിലെ തോൽവിയുടെ ക്ഷീണം തീർക്കാൻ ജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്പോൾ രണ്ടാം ടെസ്റ്റും ജയിച്ച് പരന്പര സ്വന്തമാക്കാനാണ് ദക്ഷിണാഫിക്കയെത്തുന്നത്.
ഗോഹട്ടിയിൽ ആദ്യം
ഏകദിന, ട്വന്റി20 മത്സരങ്ങൾക്ക് വേദിയായിട്ടുണ്ടെങ്കിലും ഗോഹട്ടി ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്. ഇന്ത്യയിലെ മുപ്പതാമത്തെ ടെസ്റ്റ് വേദിയെന്ന നേട്ടവും ഇന്നത്തെ മത്സരത്തോടെ ഗ ഗോഹട്ടിക്ക് സ്വന്തമാകും.
ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിൽ സൂര്യാസ്തമയം നേരത്തേ ആയതിനാൽ പതിവിൽനിന്ന് വ്യത്യസ്തമായി മത്സരം നേരത്തേ തുടങ്ങും. രാവിലെ ഒന്പതിനാണ് മത്സരം തുടങ്ങുക. 8.30ന് ടോസിടും.
ലഞ്ചിനു മുമ്പേ ടീ ബ്രേക്ക്
ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവമായി മാത്രം സംഭവിക്കാറുള്ള ലഞ്ചിന് മുന്പുള്ള ടീ ബ്രേക്കിന് രണ്ടാം ടെസ്റ്റ് സാക്ഷ്യം വഹിക്കും. സാധാരണഗതിയിൽ പകൽ ടെസ്റ്റ് മത്സരങ്ങളിൽ ആദ്യം ലഞ്ച് ബ്രേക്കും പിന്നീട് ടീ ബ്രേക്കുമാണ് ഉണ്ടാകാറുള്ളത്.
രാവിലെ ഒന്പതു മുതൽ 11 വരെയായിരിക്കും ഗോഹട്ടി ടെസ്റ്റിലെ ആദ്യ സെഷൻ. ഇതിനുശേഷമായിരിക്കും ടീ ബ്രേക്ക്. ആദ്യ സെഷനുശേഷം ടീ ബ്രേക്കായതുകൊണ്ടുതന്നെ 20 മിനിറ്റ് ഇടവേള മാത്രമായിരിക്കും ഉണ്ടാകുക. 11.20ന് വീണ്ടും മത്സരം തുടങ്ങുകയും 1.20ന് രണ്ടാം സെഷൻ പൂർത്തിയാക്കുകയും ചെയ്യും. ഇതിനുശേഷമായിരിക്കും ലഞ്ച് ബ്രേക്ക്. 1.20 മുതൽ രണ്ട് മണി വരെയായിരിക്കും ലഞ്ച് ബ്രേക്ക്. രണ്ട് മണിക്ക് വീണ്ടും തുടങ്ങുന്ന മത്സരം നാലു മണിയോടെ പൂർത്തിയാകും.
പന്തെറിയാൻ റബാദയില്ല
ഗോഹട്ടിയിൽ ദക്ഷിണാഫ്രിക്കയ്ക്കും തിരിച്ചടി. രണ്ടാം ടെസ്റ്റിലും സ്റ്റാർ പേസർ കാഗിസോ റബാദ കളിക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബൗമ വ്യക്തമാക്കി.
കോൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിലും പരിക്കുമൂലും റബാദക്ക് കളിക്കാനായിരുന്നില്ല. അതേസമയം റബാദക്ക് പകരം ലുങ്കി എൻഗിഡിയെ ദക്ഷിണാഫ്രിക്ക ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.