ഐച്ചി നാഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ അമ്പെയ്ത്ത് കോമ്പൗണ്ട് മിക്സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം. ശീതൾ ദേവി-തോമൻ കുമാർ സഖ്യമാണ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ഇന്തോനേഷ്യയെ പിന്തള്ളിയാണ് ഇന്ത്യൻ താരങ്ങൾ സുവർണനേട്ടം കൈവരിച്ചത്.
നേരത്തേ നടന്ന റാങ്കിംഗ് റൗണ്ടിൽ 1402 പോയിന്റ് നേടി ശീതൾ ദേവിയും തോമൻ കുമാറും ലോക റിക്കാർഡ് സ്ഥാപിച്ചിരുന്നു. ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് ഇരുവരും സ്വർണവും സ്വന്തമാക്കിയത്. അതേസമയം വനിതകളുടെ ഡിസ്കസ് ത്രോ എഫ്54 വിഭാഗത്തിൽ സുവർണ രാജുവും സ്വർണം നേടി.
വനിതാ സിംഗിൾസ് ബാഡ്മിന്റൺ എസ്എൽ3 വിഭാഗത്തിൽ സഞ്ജന കുമാരി വെങ്കലം സ്വന്തമാക്കി. ജപ്പാന്റെ ഷിനോ കവായിയെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് സഞ്ജന മെഡൽ നേടിയത്. പുരുഷ സിംഗിൾസ് ബാഡ്മിന്റണിൽ അഭിജിത് സഖൂജയും സുഹാസ് യതിരാജും വെങ്കലമെഡലുകൾ നേടി.