സൂപ്പർ ഹിറ്റ് ചിത്രം ജനഗണമനയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകി പൃഥ്വിരാജും സംവിധായകൻ ഡിജോ ജോസ് ആന്റണിയും. ആദ്യ ഭാഗം ചിത്രീകരിക്കുമ്പോള്‍ തന്നെ രണ്ടാം ഭാഗത്തിന്റെ ഐഡിയ തിരക്കഥാകൃത്തായ ഷാരിസും ഡിജോയും തന്നോടു പറഞ്ഞിരുന്നുവെന്നും അത് വളരെ രസകരമായി തോന്നിയെന്നും പൃഥ്വി പറയുന്നു.
ഡിജോ സംവിധാനം ചെയ്ത പുതിയ സിനിമയായ പള്ളിച്ചട്ടമ്പിയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘‘ജനഗണമനയുടെ ഷൂട്ടിംഗ് സമയത്ത് തന്നെ ഷാരിസും ഡിജോയും അതിന്റെ രണ്ടാം ഭാഗത്തിന്റെ ഐഡിയ പറഞ്ഞിരുന്നു. അങ്ങനെ ഒരു ഐഡിയ അവർ പറയാതെ ഞാൻ വന്നിരുന്നു സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് പറയില്ലല്ലോ. ഞാൻ എഴുതുകയോ സംവിധാനം ചെയ്യുകയോ ചെയ്ത സിനിമ അല്ലല്ലോ അത്, നിർമിക്കുക മാത്രമാണ് ചെയ്തത്.
‘ജനഗണമന’യുടെ രണ്ടാം ഭാഗത്തേക്കാൾ ഞാൻ അവതരിപ്പിച്ച അരവിന്ദ് സ്വാമിനാഥറെ കഥയുടെ തുടർച്ച എന്ന തരത്തിൽ എന്നോട് പറഞ്ഞിരുന്നു. എന്നോട് പത്ത് മിനിറ്റ് കൊണ്ട് പറഞ്ഞ സാധനം എനിക്ക് വളരെ രസകരമായി തോന്നിയിരുന്നു. അതിനി തിരക്കഥയായി എഴുതി വരണം.’’ പൃഥ്വിരാജ് പറഞ്ഞു.
സിനിമയുടെ പണി നടക്കുന്നുണ്ട് എന്നാണ് സംവിധായകൻ ഡിജോ പറഞ്ഞത്. 2022ൽ റിലീസ് ചെയ്ത ‘ജനഗണമന’ പൃഥ്വിരാജിന്റെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു.