കാഠ്മണ്ഡു: ഇന്ത്യയിൽനിന്നുള്ള മാമ്പഴ ഇറക്കുമതിക്കു നിരോധനം ഏർപ്പെടുത്തി നേപ്പാൾ സർക്കാർ. മാമ്പഴങ്ങളിൽ അമിതമായ അളവിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തലിനെത്തുടർന്നാണ് നടപടി. അതിർത്തിപ്രദേശങ്ങളിൽ മതിയായ പരിശോധന ലാബുകൾ ഇല്ലാത്തതും നിരോധനത്തിനു കാരണമായി.
മാധേഷ് പ്രവിശ്യ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിലൂടെയാണു പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതി നിലച്ചതോടെ നേപ്പാളിലെ പ്രാദേശിക വിപണകളിൽ തദ്ദേശീയമായി ഉത്പാദിപ്പിച്ച മാമ്പഴമാണ് എത്തുന്നത്. നേപ്പാളിൽ ഏറെ വിപണിയുള്ളതാണ് ഇന്ത്യയിൽനിന്നുള്ള മാമ്പഴങ്ങൾ. എന്നാൽ, നിരോധനം നിലവിൽ വന്നതോടെ തദ്ദേശീയ കർഷകർക്ക് അനുകൂലമായ സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യൻ മാമ്പഴങ്ങളോട് മത്സരിക്കേണ്ടി വരുന്നില്ലെന്നതു നേപ്പാളിലെ കർഷകർക്ക് ആശ്വാസം പകരുന്നുണ്ടെന്ന് മധേഷ് പ്രവിശ്യയിലെ ലാൻഡ് മാനേജ്മെന്റ്, കൃഷി മന്ത്രാലയത്തിലെ ഇൻഫർമേഷൻ ഉദ്യോഗസ്ഥൻ അജയ് ഗ്യാവലി പറഞ്ഞു. ഇത് പ്രാദേശിക ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, രാജ്യത്തെ മുഴുവൻ ആവശ്യങ്ങൾക്കും തദ്ദേശീയമായ ഉത്പാദനം മാത്രം മതിയാകില്ലെന്ന് ആശങ്കയും അധികൃതർ പങ്കിടുന്നുണ്ട്. മാത്രമല്ല, വിപണിയിൽ മാങ്ങയുടെ വിലവർധനയ്ക്ക് ഇത് കാരണമാകുമെന്നു ജനക്പുർധാമിലെ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ ട്രേഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഭുവനേശ്വർ പൂർബെ പറഞ്ഞു. നേപ്പാളിൽ മേയ് പകുതി മുതൽ ജൂലൈ പകുതിവരെയുള്ള രണ്ടു മാസം മാത്രമാണു മാമ്പഴസീസൺ.