ലണ്ടൻ: ഹലാൽ ഭക്ഷണം വിൽക്കാൻ വിസമ്മതിച്ചെന്ന ആരോപണത്തെ തുടർന്ന് ലണ്ടനിലെ ഇന്ത്യൻ റെസ്റ്റോറന്റിന് പുറത്ത് വൻ പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രി നൂറുകണക്കിന് ആളുകളാണ് റെസ്റ്റോറന്റിന് മുന്നിൽ തടിച്ചുകൂടിയത്. സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഹാമർസ്മിത്ത് ഗ്രോവിന് സമീപമുള്ള സിംഗ്സ് ഡൈനിംഗ് എന്ന സ്ഥാപനത്തിനു പുറത്തായിരുന്നു സംഭവം.
റെസ്റ്റോറന്റിന്റെ മുൻവശത്ത് അഭിമാനത്തോടെ നോൺ ഹലാൽ എന്നെഴുതിയിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ഉടമ ഹർമൻ സിംഗ് കപൂർ ഹലാൽ മാംസം വിളമ്പാൻ വിസമ്മതിച്ചെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. മുസ്ലിംങ്ങൾക്കും ഗാസയിലെ സംഘർഷത്തിനുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ കപൂർ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ പ്രതികരണങ്ങളും വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഇതിനിടെ വെള്ളിയാഴ്ചത്തെ പ്രതിഷേധത്തിന് തൊട്ടുമുമ്പ് കപൂറിനെ മെട്രോപൊളിറ്റൻ പൊലിസ് അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റിന്റെ കൃത്യമായ കാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. റെസ്റ്റോറന്റിന് പുറത്ത് പലസ്തീൻ പതാകകളുമായി എത്തിയ പ്രതിഷേധക്കാർ സ്ഥാപനം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.