അബുദാബി: ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള ചരക്കുകപ്പലിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ യുഎഇ ശക്തമായി അപലപിച്ചു. അന്താരാഷ്ട്രനാവികസുരക്ഷയ്ക്ക് കനത്ത ഭീഷണിയുയർത്തുന്നതാണ് ഈ ആക്രമണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഹാജി അലിയെന്ന് ഇന്ത്യൻ ചരക്കുകപ്പലിനു നേരേയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെതുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടാകുകയും കപ്പൽ മുങ്ങുകയും ചെയ്യുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരയെും ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. ഇവർ നിലവിൽ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര കപ്പൽ ചാലുകളുടെ സുരക്ഷ തകർക്കാനും മേഖലയിലെ സമാധാനം നശിപ്പിക്കാനുമുള്ള അപകടകരമായ ശ്രമമാണിതെന്ന് യുഎഇ കുറ്റപ്പെടുത്തി.
ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുമായി പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ എടുക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ നൽകുന്നതായും യുഎഇ അറിയിച്ചു. സമുദ്രയാത്രയ്ക്ക് സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പ്രമേയത്തിന്റെ നഗ്നമായ ലംഘനമാണ് ആക്രമണമെന്ന് യുഎഇ ചൂണ്ടിക്കാട്ടി.