മസ്കറ്റ്: ഒമാൻ തീരത്തോട് ചേർന്ന് ഇന്ത്യൻ ചരക്ക് കപ്പലിന് നേരെ ആക്രമണം. ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒമാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി. ഗുജറാത്തിൽ നിന്നുള്ള 'ഹാജി അലി' എന്ന കപ്പലാണ് ആക്രമണത്തിൽ മുങ്ങിയത്.
പുലർച്ചെ 3:30 ഓടെ ഒമാന്റെ വടക്കൻ തീരത്തുള്ള ലിമയ്ക്ക് സമീപമായിരുന്നു ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ അധികൃതർ രക്ഷപ്പെടുത്തി.
ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ സലായ തുറമുഖത്ത് രജിസ്റ്റർ ചെയ്തതാണ് ആക്രമണത്തിനിരയായ കപ്പൽ. സോമാലിയയിൽ നിന്ന് ഷാർജയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്നു ഹാജി അലി.
ഒമാൻ തീരത്തിന് സമീപത്ത് വച്ച് അജ്ഞാത വസ്തു കപ്പലിൽ വന്നിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഡ്രോണോ മിസൈലോ ഉപയോഗിച്ചുള്ള ആക്രമണമാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. ഒമാൻ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയത്.
കപ്പൽ ഉടമ സുൽത്താൻ അഹമ്മദ് സംഗർ നാവികർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന കന്നുകാലികളെല്ലാം ചത്തു. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
Tags : Missile attack Indian ship oman muscat