സാങ്കേതിക അതിർവരമ്പുകളെല്ലാം തച്ചുടച്ച് ഇന്ത്യൻ ഓഹരി സൂചികകൾ പറന്നുയർന്നു. നിക്ഷേപകർ സ്വപ്നതുല്യമായ കുതിച്ചുചാട്ടത്തിനാണു പിന്നിട്ട ദിനങ്ങളിൽ സാക്ഷ്യം വഹിച്ചത്. കരടികൾക്കു മാളത്തിൽപ്പോലും ഒളിക്കാൻ അവസരം നൽകാത്തവിധം കാളക്കൂട്ടം നടത്തിയ അഭൂതപൂർവമായ റാലി വീണ്ടും കാണണമെങ്കിൽ വർഷങ്ങൾ തന്നെ കാത്തിരിക്കേണ്ടിവന്നേക്കാം. ബോംബെ സൂചിക 6568 പോയിന്റും നിഫ്റ്റി 1977 പോയിന്റും ഉയർന്നു. ആറു വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര മുന്നേറ്റം. അതേസമയം, ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സും നിഫ്റ്റിയും അല്പം തളർന്നു.
വിദേശ ഫണ്ടുകളുടെ തിരിച്ചുവരവും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നേരിട്ട തകർച്ചയും കാര്യങ്ങൾ അനുകൂലമാക്കി. ഏഷ്യയിലെ ഇതര വിപണികളും യുഎസ് -യൂറോപ്യൻ വിപണികളും കനത്ത തകർച്ചയിലാണു വാരാന്ത്യം.
അതേസമയം, വർഷാന്ത്യം അടുക്കുന്നതോടെ വിദേശ ഓപ്പറേറ്റർമാരുടെ മനോഭാവത്തിൽ മാറ്റമുണ്ടാകുമെന്ന നേരത്തെയുള്ള സൂചനകൾ ശരിവയ്ക്കപ്പെട്ടു. എടുത്തുപറയേണ്ട മറ്റൊരു കാര്യം ആഭ്യന്തര ഫണ്ടുകളുടെ നിലപാടാണ്. മാസങ്ങളായുള്ള തുടർച്ചയായ വാങ്ങൽ അവരിൽ മരവിപ്പുണ്ടാക്കുന്നതിന്റെ ലക്ഷണമാണോയെന്ന മുൻ ലക്കത്തിലെ ചോദ്യത്തിനു വ്യക്തമായ ഉത്തരമെന്നോണം എല്ലാ വ്യാപാരദിനങ്ങളിലും അവർ വില്പനക്കാരുടെ മേലങ്കിയണിഞ്ഞു.
ഇനി എങ്ങോട്ട്? അതാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. അതിശക്തമായ ഒരു ബുൾ റാലി പിറന്ന സാഹചര്യത്തിൽ പെട്ടെന്നൊരു തളർച്ചയ്ക്ക് സാധ്യത കുറവ്. എന്നാൽ, ഒമ്പത് ശതമാനത്തോളം മുന്നേറ്റമുണ്ടായ സാഹചര്യത്തിൽ നിക്ഷേപകർ കൈയുംകെട്ടി നോക്കിയിരിക്കില്ല. ചുരുങ്ങിയതു രണ്ടോ മൂന്നോ ദിവസമെങ്കിലും ലാഭമെടുപ്പിനായി മാറ്റിവയ്ക്കാനുള്ള സാധ്യത വലിയ ചാഞ്ചാട്ടത്തിനു വഴിയൊരുക്കാം.
അസ്ഥിരതയും ലാഭമെടുപ്പും
ഇന്ത്യ വോളറ്റിലിറ്റി ഇൻഡക്സ് 15.14-ൽനിന്നു 18.43-ലെത്തി. വിപണിയുടെ അടിയൊഴുക്കുകൾ വിലയിരുത്തിയാൽ അസ്ഥിരതയും ലാഭമെടുപ്പും പ്രതീക്ഷിക്കാം. വോളറ്റിലിറ്റി സൂചിക 20-25 റേഞ്ചിലേക്ക് നീങ്ങി അപായസൂചന നൽകാനുള്ള സാധ്യതയും മുന്നിൽ കാണണം. ആറു ദിവസത്തെ ബുൾ റാലിയിൽ വിപണിക്കുണ്ടായ ക്ഷീണത്തിന്റെ ലക്ഷണമാണു മുഹൂർത്ത വ്യാപാരത്തിലെ തിരക്കിട്ട ലാഭമെടുപ്പ് വ്യക്തമാക്കുന്നത്.
നിഫ്റ്റിയുടെ മുന്നേറ്റം
നിഫ്റ്റി 23,053ൽനിന്നുള്ള പ്രയാണത്തിൽ 24,000ലെയും 25,000ലെയും കടമ്പകൾ തകർത്തു. വാരാന്ത്യത്തിൽ 25,030ലായിരുന്നു സൂചിക. ഇന്നലെ നടന്ന പ്രത്യേക വ്യാപാരമായ ദീപാവലി മുഹൂർത്ത കച്ചവടത്തിൽ ഒരു ചുവടുകൂടി മുന്നേറി 25,070ലെത്തിയ ശേഷം 24,986ലേക്ക് താഴ്ന്നു.
നിഫ്റ്റി നവംബർ ഫ്യൂച്ചേഴ്സ് 23,099ൽനിന്ന് എട്ടര ശതമാനത്തോളം ഉയർന്ന് 25,032-ലെത്തി. കരാർ വിലയിൽ അതിശക്തമായ കുതിപ്പ് ദൃശ്യമായതിനിടെ ഓപ്പൺ ഇന്ററസ്റ്റ് 156.6 ലക്ഷം കരാറുകളിൽനിന്ന് 120.9 ലക്ഷത്തിലേക്ക് ഇടിഞ്ഞു. വിലക്കയറ്റത്തിനൊപ്പം ഓപ്പൺ ഇന്ററസ്റ്റ് കുറഞ്ഞതു പുതിയ ലോംഗ് പൊസിഷനുകളേക്കാൾ ഷോർട്ട് കവറിംഗിനാണു കൂടുതൽ സാധ്യതയെന്ന സൂചന നൽകുന്നു.
സെൻസെക്സിന്റെ മുന്നേറ്റത്തിൽ ആകാംക്ഷ
സെൻസെക്സിന്റെ 74,459ൽനിന്നുള്ള മുന്നേറ്റത്തെ നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കി. ഒരു ദശകത്തിലൊരിക്കലെന്നപോലെയുള്ള കുതിച്ചുചാട്ടം വാരാന്ത്യ വ്യാപാരത്തിൽ വിപണിയെ ഇളക്കിമറിച്ചു. ഒരുവശത്ത് ഊഹക്കച്ചവടക്കാർ നഷ്ടപ്പെട്ട നിലകൾ തിരിച്ചുപിടിക്കാൻ പരക്കംപാഞ്ഞു. വ്യാപാരാന്ത്യത്തിൽ സെൻസെക്സ് 81,028 പോയിന്റിലാണ്.
വിദേശ ഓപ്പറേറ്റർമാർ അഞ്ച് വ്യാപാരദിനങ്ങളിലായി നിക്ഷേപിച്ചത് 45,960.02 കോടി രൂപ. നമ്മുടെ വിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിവാര വിദേശ നിക്ഷേപമാണിത്. അതേസമയം, തൊമ്മൻ മുറുകിയപ്പോൾ ചാണ്ടി അയഞ്ഞതുപോലെ, മാസങ്ങളായി വാങ്ങലുകാരായി നിലകൊണ്ട ആഭ്യന്തര ഫണ്ടുകൾ 24,196.52 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
രൂപയ്ക്കു നേട്ടം
ദീപാവലി വേളയിലെ ഡോളർ പ്രവാഹം രൂപയ്ക്ക് മധുരം പകർന്നു. 94.67ൽനിന്ന് 95.07ലേക്ക് ദുർബലമായ രൂപ തിരിച്ചുകയറിയത് 93.91ലേക്ക്. ഒറ്റ ആഴ്ചയിൽ മൂല്യം ഒരു ശതമാനം വർധിച്ചു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും രൂപയ്ക്ക് അനുഗ്രഹമായി. രൂപയ്ക്ക് 94.50 - 95.00ൽ പ്രതിരോധമുണ്ട്. കൂടുതൽ ശക്തിപ്രാപിക്കാൻ ശ്രമിച്ചാൽ 93.70-93.50 റേഞ്ചിലേക്ക് നീങ്ങാം. വിദേശ ഫണ്ടുകൾ വില്പനയിലേക്ക് തിരിയുകയോ ക്രൂഡ് വില ഉയരുകയോ ചെയ്താൽ രൂപ പതറാം.
രാജ്യാന്തര ക്രൂഡ് ഓയിൽ വില 12 ശതമാനം ഇടിഞ്ഞു. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ സമാനമായ തകർച്ച സംഭവിച്ചിരുന്നു. അതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിവാര വിലയിടിവാണിത്. ബ്രെന്റ് ക്രൂഡ് ബാരലിന് 97.97 ഡോളറായി താഴ്ന്നു.
ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 3875 ഡോളറിൽ വ്യാപാരം നടത്തിയ സ്വർണം, അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് 4000 ഡോളറിലെ നിർണായക പ്രതിരോധം തകർത്ത് 4145 വരെ ഉയർന്നു. വാരാന്ത്യത്തിൽ വില 4069 ഡോളറിലാണ്. 4197 - 4202 ഡോളറിലെ പ്രതിരോധം മറികടന്നാൽ മാത്രമേ ബുൾ റാലിക്ക് അവസരമൊരുങ്ങൂ.