കാലിഫോർണിയ: അമേരിക്കയിൽ അബോധാവസ്ഥയിലായിരുന്ന യാത്രക്കാരിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ. കാലിഫോർണിയയിലാണ് സംഭവം.
സിമ്രൻജിത്ത് സിംഗ് സെഖോനെ (35) ആണ് അറസ്റ്റിലായത്. 21 കാരിയാണ് പരാതി നൽകിയത്. കാലിഫോർണിയയിലെ കാമറില്ലോ നഗരത്തിലാണ് സംഭവം.
നവംബർ 27ന് പുലർച്ചെ ഒന്നിന് തൗസൻഡ് ഓക്സിലെ ഒരു ബാറിൽനിന്ന് കാമറില്ലോയിലെ വീട്ടിലെത്തിക്കാൻ ടാക്സി വിളിച്ചതായിരുന്നു യുവതി. മദ്യലഹരിയിലായിരുന്ന യുവതി മയങ്ങിപ്പോയി.
യാത്ര പൂർത്തിയായതായി ആപ്പിൽ രേഖപ്പെടുത്തിയ ശേഷം അബോധാവസ്ഥയിലായിരുന്ന ഇരയെ കാമറില്ലോയിൽ ചുറ്റിസഞ്ചരിപ്പിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് ഇവരെ താമസസ്ഥലത്ത് ഇറക്കിവിട്ടു.
ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി മനസിലാക്കുന്നത്. തുടർന്ന് മേജർ ക്രൈംസ് സെക്ഷ്വൽ അസോൾട്ട് യൂണിറ്റിൽ പരാതി നൽകുകയും സിമ്രൻജിത്ത് സിംഗ് സെഖോനെയിലേക്ക് അന്വേഷണമെത്തുകയും ചെയ്തു.
സെഖോനെ ഡിസംബർ 15 നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ താൻ നിരപരാധിയാണെന്ന് സെഖോൻ വാദിച്ചു. അയാളുടെ ജാമ്യത്തുക 500,000 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. ഡിസംബർ 29ന് ജാമ്യത്തിൽ വാദം കേൾക്കും.