ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആൻഡി ബേർനാം പ്രഖ്യാപിച്ച മന്ത്രിസഭയിൽ ഇന്ത്യൻ വംശജരും. ബിഹാർ സ്വദേശിയായ കനിഷ്ക നാരായൺ, ബംഗാളിൽ കുടുംബവേരുകളുള്ള ലിസ നന്ദി എന്നിവരാണ് ബേർനാം ടീമിൽ ഇടം നേടിയത്.
കനിഷ്ക നാരായൺ ആർട്ടിഫിഷൽ ഇന്റലിജൻസ് മന്ത്രിയായി (മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ആർട്ടിഫിഷൽ ഇന്റലിജിൻസ്) നിയമിതനായപ്പോൾ സാംസ്കാരികം, മാധ്യമം, കായികം വകുപ്പ് മന്ത്രിയായി ലിസ.
36കാരനായ കനിഷ്ക നാരായൺ വെയിൽസിൽനിന്നുള്ള ആദ്യത്തെ ഇന്ത്യൻ വംശജനായ പാർലമെന്റ് അംഗമാണ്. കെയർ സ്റ്റാർമറുടെമന്ത്രിസഭയിൽ ജൂനിയർ മന്ത്രിയായിരുന്നു.
കനിഷ്കയുടെ ചെറുപ്രായത്തിൽത്തന്നെ ബിഹാറിലെ മുസാഫർപുരിൽനിന്നു കുടുംബം വെയിൽസ് തലസ്ഥാനമായ കാർഡിഫിലേക്കു കുടിയേറി. ഓക്സ്ഫഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിലായിരുന്നു പഠനം.
കെയർ സ്റ്റാർമർ മന്ത്രിസഭയിൽ അംഗമായിരുന്ന ലിസയെ ബേർനാം തന്റെ ടീമിലുമുൾപ്പെടുത്തുകയായിരുന്നു. ഡിജിറ്റൽ സേവനങ്ങളുടെ അധിക ഉത്തരവാദിത്വവും അവർക്ക് നൽകിയിട്ടുണ്ട്. പിതാവ് ദീപക് നന്ദി കോൽക്കത്തയിൽനിന്ന് 1950കളിൽ ബ്രിട്ടനിലെത്തിയ സാമൂഹിക പ്രവർത്തകനും അക്കഡേമിക്കുമായിരുന്നു.
ഗ്രേറ്റർ മാഞ്ചസ്റ്റർ മേഖലയിലെ വിഗനിൽനിന്നാണു ലിസ (44) പാർലമെന്റംഗമായത്.