പാലാ: പാലായുടെ സ്വന്തം ലാബില്‍ പിറന്നത് രണ്ട് ഇന്ത്യന്‍ പേറ്റന്റുകള്‍. നവീന മേഖലകളായ ഒപ്റ്റിക്കല്‍ കമ്യൂണിക്കേഷന്‍, ഒപ്റ്റിക്കല്‍ കോമ്പൗണ്ടിംഗ്, ക്വാണ്ടം കോമ്പൗണ്ടിംഗ് സംവിധാനങ്ങള്‍ക്ക് ആവശ്യമായ പ്രധാന സാങ്കേതിക ഘടകത്തെ ലക്ഷ്യമിട്ട് പാലാ സ്വദേശികളായ ദമ്പതികളുടെ കെടിഎസ് ഇന്നവേഷന്‍സ് ലാബ് വികസിപ്പിച്ച സാങ്കേതികവിദ്യക്കാണ് തുടര്‍ച്ചയായി രണ്ട് ഇന്ത്യന്‍ പേറ്റന്റുകള്‍ ലഭിച്ചത്.
പാലാ മുണ്ടാങ്കല്‍ മണിമല കാടന്‍കാവില്‍ ടോം തോമസും ഭാര്യ ഡോ. ലിനി എല്‍. ആലപ്പാട്ടും ചേര്‍ന്ന വികസിപ്പിച്ച പോളിഗണ് ക്രിസ്റ്റല്‍- ഒപ്റ്റിക്കല്‍ ബഫര്‍ സാങ്കേതികവിദ്യക്കാണ് പേറ്റന്റുകള്‍ ലഭിച്ചത്. സാങ്കേതിക രംഗത്ത് വളരെയേറെ പ്രാധാന്യമുള്ള കണ്ടുപിടിത്തമായതിനാല് അന്താരാഷ്ട്ര പ്രശംസ വരെ ഇവരെ തേടിയെത്തിയിട്ടുണ്ട്.
ഓരോ സെക്കൻഡിലും വന്‍തോതിലുള്ള വിവരങ്ങളാണ് പ്രകാശ തരംഗങ്ങളായി ഒപ്റ്റിക്കല്‍ ഫൈബറിലൂടെ സഞ്ചിക്കുന്നത്. അടുത്ത തലമുറയിലെ ഒപ്റ്റിക്കല്‍ സിസ്റ്റത്തില്‍ ഈ സിഗ്നല്‍സിനെ നിയന്ത്രിക്കാനും റൂട്ട് ചെയ്യാനും സ്വിച്ച് ചെയ്യാനും പ്രോസസ് ചെയ്യാനും കഴിയണം.
ഈ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആവശ്യമുള്ളപ്പോള്‍ ഒപ്റ്റിക്കല്‍ സിഗ്നല്‍സിനെ താത്കാലികമായി പിടിച്ചുനിര്‍ത്തുകയോ വൈകിക്കുകയോ ചെയ്യാനുള്ള കഴിവ് ആവശ്യമാണ്.
ഇതിനാവശ്യമായ സാധ്യതയാണ് ദമ്പതികള്‍ വികസിപ്പിച്ച സാങ്കേതികവിദ്യ പരിശോധിക്കുന്നത്. പ്രധാന കണ്ടുപിടിത്തത്തിന് കഴിഞ്ഞ ഓഗസ്റ്റ് 31ന് ഒന്നാമത്തെയും തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടിനു രണ്ടാമത്തെയും പേറ്റന്റ് ലഭിച്ചു.