ന്യൂഡല്‍ഹി: ഇംഗ്ലീഷിനെ തദ്ദേശീയ ഭാഷയായി കാണാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. എന്നാല്‍ ,നിലവിലെ സിബിഎസ്ഇ ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ മൂന്നാം ഭാഷ നിര്‍ബന്ധമായും വേണമെന്നതില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വേഗത്തിലാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ ശങ്കരനാരായണന്, ഇംഗ്ലീഷിനെ മാതൃഭാഷയല്ലാത്ത അല്ലെങ്കില്‍ വിദേശ ഭാഷാ വിഭാഗത്തിലേക്ക് മാറ്റുന്ന വിഷയത്തില്‍ കോടതിയുടെ ഉത്തരവ് തേടിയിരുന്നു.
എന്നാല്‍ അക്കാര്യത്തില്‍ തങ്ങള്‍ക്ക് വിയോജിപ്പുണ്ട്, അത് സംബന്ധിച്ച് വാദങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്കി.
സിബിഎസ്ഇ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതില്‍നിന്ന് ഇളവ് നല്‍കിയിരുന്നു. എന്നാല്‍, നിലവിലെ ആറാം ക്ലാസ് ബാച്ചിന് ഇളവില്ലായിരുന്നു. അതിനാല്‍ നിലവിലെ ആറാം ക്ലാസ് വിദ്യാർഥികൾക്ക് 2031ഓടെ മൂന്നാം ഭാഷ നിര്‍ബന്ധിതമായി പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതേണ്ടതുള്പ്പെടെയുള്ള വ്യവസ്ഥകള്‍ ബാധകമാകും.കേസ് സെപ്റ്റംബര്‍ 17ന് പരിഗണിക്കും.