ദോഹ: ഇറാനും യുഎസും മധ്യസ്ഥരുടെ സഹായത്താൽ പരോക്ഷ ചർച്ച നടത്തി. കഴിഞ്ഞമാസം ഒപ്പുവച്ച സമാധാനക്കരാറിലെ 14 ഇന വ്യവസ്ഥകൾ നടപ്പാക്കുന്നതായിരുന്നു ചർച്ചാവിഷയം. ഇതിൽത്തന്നെ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും ഖത്തറിൽ മരവിപ്പിച്ചിരിക്കുന്ന ഇറേനിയൻ ആസ്തികൾ വിട്ടുകൊടുക്കുന്നതും മുഖ്യ വിഷയങ്ങളായി.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച രാത്രി ആരംഭിച്ച ചർച്ച ഇന്നലെയും തുടർന്നുവെന്നാണു റിപ്പോർട്ട്. അമേരിക്കയിൽനിന്നു പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവർ ദോഹയിലെത്തിയിരുന്നു. എന്നാൽ ഇവർ ചർച്ചയിൽ ഭാഗഭാഗക്കല്ലെന്നാണ് അറിയിപ്പ്.
ഇറാനിൽനിന്നു ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഖരിബബാദിയുടെ നേതൃത്വത്തിൽ കാർഷിക മന്ത്രാലയത്തിലെയും കേന്ദ്രബാങ്കിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണെത്തിയത്.
ഇരു വിഭാഗവും മുഖാമുഖ ചർച്ചകൾ നടത്തിയില്ല. പകരം ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയുമായിട്ടും ഇതര മധ്യസ്ഥരുമായിട്ടും കൂടിക്കാഴ്ച നടത്തുകയായിരുന്നു.
സുപ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസിൽ ഇറാൻ നിയന്ത്രണം തുടരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അമേരിക്കൻ നിലപാട്. ഖത്തറിൽ മരവിപ്പിച്ചിരിക്കുന്ന 1200 കോടി ഡോളറിൽ 600 കോടി വിട്ടുകിട്ടണമെന്ന് ഇറാനും ആവശ്യപ്പെടുന്നു. ഖത്തറിനു പുറമേ പാക്കിസ്ഥാനും മധ്യസ്ഥശ്രമങ്ങളിൽ പങ്കാളിയാണ്.
ഇതിനിടെ, ഹോർമുസിൽ ഇറേനിയൻ അധികൃതർ നിർദേശിച്ച കപ്പൽചാലിൽനിന്ന് മാറി സഞ്ചരിച്ച ഒരു വിദേശ കണ്ടെയ്നർ ഷിപ്പ് ആഴം കുറഞ്ഞ ഭാഗത്ത് ഉറച്ചതായി റിപ്പോർട്ടുണ്ട്.