തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍. 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തില്‍ 2,067.39 കോടി രൂപയുടെ ആകെ വിറ്റുവരവാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ നേടിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1,820.94 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ആകെ 24 സ്ഥാപനങ്ങള്‍ വിറ്റുവരവില്‍ വളര്‍ച്ച കൈവരിച്ചു. 12 സ്ഥാപനങ്ങള്‍ അറ്റലാഭം രേഖപ്പെടുത്തിയപ്പോള്‍ 16 സ്ഥാപനങ്ങള്‍ പ്രവര്‍ത്തന ലാഭവും നേടി. എട്ട് സ്ഥാപനങ്ങള്‍ അറ്റലാഭത്തില്‍ വര്‍ധന രേഖപ്പെടുത്തിയതും പൊതുമേഖലാ മേഖലയിലെ മുന്നേറ്റത്തിന് കരുത്തുപകരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും സാമ്പത്തികമായി സുസ്ഥിരവുമാക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും മേധാവികളുടെ അവലോകന യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു. ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്റെ സഹായത്തോടെ സംഘടിപ്പിച്ച യോഗത്തിൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
ഇനി മുതല്‍ ഓരോ സ്ഥാപനത്തിനും പ്രത്യേക വികസന റോഡ് മാപ്പ് തയാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്കം നില്ക്കുന്ന സ്ഥാപനങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കുന്നതിന് ഓരോ സ്ഥാപനത്തിനും വ്യക്തവും ഫലപ്രദവുമായ വികസന റോഡ് മാപ്പ് തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എം. ബീന, വ്യവസായ വാണിജ്യ വകുപ്പിലെയും ബിപിടിയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അറ്റലാഭം കൈവരിച്ച 12 സ്ഥാപനങ്ങള്‍
കെഎംഎംഎല്‍, കെഇസിഎല്‍, കെസിസിപി, കെഎസ്ഐഇ, കെഇഎല്‍, ടിസിസി, കെസിസിഎല്‍, കെഇഎംഡിഇഎല്‍, എസ്ഐഎഫ്എല്‍, കെല്‍ട്രോണ്‍, സില്‍ക്ക്, ടെല്‍ക്ക് എന്നീ 12 സ്ഥാപനങ്ങളാണ് 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ അറ്റലാഭം രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കെഎംഎംഎല്‍, കെസിസിപി, കെഇഎല്‍, ടിസിസി, എസ്ഐഎഫ്എല്‍, കെഎസ്ഐഇ, സില്‍ക്ക്, കെസിസിഎല്‍ എന്നീ സ്ഥാപനങ്ങള്‍ അറ്റലാഭത്തില്‍ വര്‍ധന രേഖപ്പെടുത്തി. എട്ട് സ്ഥാപനങ്ങള്‍ അറ്റലാഭത്തില്‍ വളര്‍ച്ച കൈവരിച്ചതായാണ് ആകെ കണക്ക്.