പാലക്കാട്: വിവരാവകാശ നിയമം ഭരണസംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തിയതായി മന്ത്രി കെ.എ. തുളസി പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴികെ മറ്റെന്തും പത്ത് രൂപ നൽകി കൃത്യമായ സമയപരിധിക്കുള്ളിൽ ലഭ്യമാക്കാനുള്ള അവകാശമാണ് വിവരാവകാശ നിയമത്തിലൂടെ കൈവന്നത്.
സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും വിവരങ്ങളും സാധാരണക്കാരിലേക്ക് എത്തണമെന്നാണ് സർക്കാരിന്റെ നയം. വിവരാവകാശ നിയമം അതിനൊരു ഉപാധിയാണ്. വിവരാവകാശം ദുരുപയോഗം ചെയ്യുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗവ. വിക്ടോറിയ കോളജിൽ നടന്ന സെമിനാറിൽ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരിനായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷൻ റിസോഴ്സ് പേഴ്സണ്‍ കെ. പ്രസാദ് ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും സംശയനിവാരണം നടത്തുകയും ചെയ്തു.
സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളായ ഡോ. സോണിച്ചൻ പി. ജോസഫ്, എം. ശ്രീകുമാർ, ടി.കെ. രാമകൃഷ്ണൻ, ജി.എൻ. ഗിരീഷ് കുമാർ, ഗവ. വിക്ടോറിയ കോളജ് പ്രിൻസിപ്പൽ മായ സി. നായർ തുടങ്ങിയവർ പങ്കെടുത്തു.