തൃശൂർ: സംസ്ഥാനത്തു വർധിച്ച അപകടങ്ങളുടെ പേരിൽ മോട്ടോർ വാഹന വകുപ്പിൽ 728 ഉദ്യോഗസ്ഥരുടെ അധിക തസ്തിക സൃഷ്ടിക്കാൻ നീക്കം. ഗതാഗത മന്ത്രിയുടെ ഓഫിസിൽനിന്നു ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചക്കിലമാണ് ഗതാഗത വകുപ്പ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകിയത്.
അധിക നിയമനങ്ങൾക്കു വരുന്ന ശന്പള ബാധ്യതയ്ക്ക് ആനുപാതികമായി മോട്ടോർ വാഹന നികുതി, കോന്പൗണ്ടിംഗ് ഫീസ്, പെർമിറ്റ്- ഫിറ്റ്നസ് ലംഘനങ്ങൾ, അമിതഭാരം എന്നീയിനങ്ങളിൽ പ്രതിമാസം നാലു ലക്ഷം രൂപവീതം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എംവിഐ), അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) എന്നിവരെ ഉപയോഗിച്ചു പിരിച്ചെടുക്കാമെന്നും ശിപാർശയിൽ ചൂണ്ടിക്കാട്ടുന്നു.
വാഹന നികുതി, പ്രത്യേക നികുതി, ഡ്രൈവിംഗ് ലൈസൻസ്, പിഴകൾ, ചലാൻ എന്നിവയടക്കം ഓണ്ലൈൻ സേവനങ്ങളായതു മറച്ചാണു വാഹനാപകടങ്ങളുടെ മറവിൽ അധിക നിയമനത്തിനു നീക്കം. നിലവിലുള്ള 99 എംവിഐമാർക്കു പുറമേ 198 പേരെയും 255 എഎംവിഐമാർക്കു പുറമേ 510 പേരെയും ഒരു അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ, നാല് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ, 14 ജോയിന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ (എൻഫോഴ്സ്മെന്റ്) എന്നിവരെയും നിയമിക്കണമെന്നാണു ശിപാർശ. ഇവർക്കെല്ലാംകൂടി 42.6 കോടിയാണു ശന്പളയിനത്തിൽ ചെലവ്.
ഓരോ എംവിഐയും എഎംവിഐയും പ്രതിമാസം നാലുലക്ഷം വീതം പിഴയിനത്തിൽ പിരിച്ചാൽ 326.4 കോടിയും നികതിയിനത്തിൽ 34 കോടിയും പ്രതിവർഷം ഖജനാവിലെത്തുമെന്നും സർക്കാരിന് അധിക വരുമാനം ലഭിക്കുമെന്നും നിർദേശിക്കുന്നു. 2018ൽ സേഫ് കേരളയെന്ന വിഭാഗമുണ്ടാക്കി 350 അധിക തസ്തികകളും ഈവർഷം മാർച്ചിൽ 60 പേരുടെ തസ്തികയും സൃഷ്ടിച്ചിരുന്നു. ഇതിനു പുറമേയാണ് 728 പേരെക്കൂടി നിയമിക്കാൻ നീക്കം.
കേരളത്തിൽ 1.94 കോടി രജിസ്റ്റർ ചെയ്ത വാഹനങ്ങളുണ്ട്. പ്രതിവർഷം 50,000 റോഡ് അപകടങ്ങളിൽ 4000 പേർ മരിക്കുന്നെന്നും ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ച് മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധനകൾ ശക്തമാക്കിയാൽ അപകടനിരക്കു കുറയ്ക്കാമെന്നാണു ഗതാഗത കമ്മിഷണറുടെ വാദം.
എന്നാൽ, റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണമെന്നാണു കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചുമതലപ്പെടുത്തിയ വിവിധ കമ്മിഷനുകൾ കണ്ടെത്തിയത്. വേണ്ടത്ര ഡ്രൈവിംഗ് പരിജ്ഞാനം ഇല്ലാത്തവർക്കു ലൈസൻസ് നൽകുന്നതും കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.
മോട്ടോർ വാഹന വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ ചേർന്നു നൽകിയ നിർദേശം അതേപടി ട്രാൻസ്പോർട്ട് കമ്മിഷണർ ഗതാഗത വകുപ്പ് സെക്രട്ടറിക്കു നൽകുകയാണു ചെയ്തെന്ന് ആരോപണമുയർന്നിട്ടുണ്ട്.