പരന്നുകിടക്കുന്ന മഹാസമുദ്രത്തിലൂടെ യാത്ര ചെയ്യുമ്പോൾ, എതിർദിശയിൽനിന്ന് നിങ്ങളിലേക്ക് അടുക്കുന്ന കൂറ്റൻ കപ്പലിൽ സ്വന്തം അച്ഛനാണുള്ളതെന്ന് തിരിച്ചറിഞ്ഞാൽ എന്തായിരിക്കും തോന്നുക?
ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത അങ്ങനെയൊരു അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് റുഷീൽ ശരൺ എന്ന നാവികനും അദ്ദേഹത്തിന്റെ അച്ഛനും.
വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രതിരിച്ച ഇരുവർക്കും മുൻകൂട്ടി നിശ്ചയിക്കാതെ, തികച്ചും ആകസ്മികമായാണ് കടലിനു നടുവിൽ കണ്ടുമുട്ടേണ്ടി വന്നത്.
ഈ അത്ഭുതകരമായ അനുഭവത്തിന്റെ വീഡിയോ റുഷീൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെയാണ് വാർത്ത ലോക ശ്രദ്ധനേടുന്നത്.
വടക്കൻ ദിശയിലേക്ക് കപ്പൽ നയിക്കുകയായിരുന്ന റുഷീൽ, എതിർ വശത്തുനിന്നും തങ്ങളിലേക്ക് അടുത്തു വരുന്ന ഭീമൻ കപ്പൽ കണ്ട് കൗതുകത്തോടെ നാവിഗേഷൻ മാപ്പുകൾ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് എതിരേ വരുന്ന കപ്പലിലെ ക്യാപ്റ്റൻ സ്വന്തം അച്ഛനാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടാകുന്നത്.
റുഷീൽ വടക്കോട്ടും അച്ഛന്റെ കപ്പൽ തെക്കൻ ദിശയിലേക്കുമായിരുന്നു സഞ്ചരിച്ചിരുന്നത്. അതിവിശാലമായ കടൽപ്പാതയിൽ, ഒരേ സമയം രണ്ടുപേരും ഒരേ ബിന്ദുവിൽ സംഗമിച്ചത് തികച്ചും അവിശ്വസനീയമായ ഒരനുഭവമായിരുന്നു.
കണ്ടുമുട്ടലിന്റെ സന്തോഷത്തിനപ്പുറം, ആ നിമിഷത്തിൽ അച്ഛൻ റുഷീലിനോട് പറഞ്ഞ വാക്കുകളാണ് ഈ സംഭവത്തെ കൂടുതൽ ഹൃദയസ്പർശിയാക്കിയത്.
ഈ വലിയ ശൂന്യതയ്ക്ക് നടുവിൽ, വ്യത്യസ്ത ദിശകളിൽ സഞ്ചരിക്കുമ്പോഴും ഒരേ സമുദ്രത്താൽ ബന്ധിപ്പിക്കപ്പെട്ടവരാണ് നമ്മളെന്നും, സ്വന്തമായി ഒരു പാത തിരഞ്ഞെടുത്ത് മുന്നോട്ട് പോകുമ്പോഴും ജീവിതത്തിൽ വഴിനടത്തിയവരെ നാം മറക്കില്ലെന്നുമായിരുന്നു അച്ഛന്റെ സന്ദേശം.
ശതകോടിയിലൊന്നു മാത്രം സംഭവിക്കാൻ സാധ്യതയുള്ള ഇത്തരം അപൂർവ്വ നിമിഷങ്ങൾ നാവികരുടെ ജീവിതത്തിൽ ഉണ്ടാകുന്നത് തികച്ചും അപൂർവ്വമാണെന്ന കുറിപ്പോടെയാണ് റുഷീൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് തരംഗമായി മാറിയ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളുടെ മനസാണ് കീഴടക്കിയത്.