മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ രമാബായി രൺവീർ എന്ന 47-കാരിയുടെ നിശ്ചയദാർഢ്യം ഇന്ന് ഒരു നാടിനാകെ ആവേശമായി മാറിയിരിക്കുകയാണ്. അംബജോഗായിയിൽ നടന്ന 'അമൃത് ദൗഡ്' മാരത്തണിലാണ് സാരിയുടുത്ത് ചെരിപ്പ് ഇടാതെ ഓടി ഇവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
പ്രൊഫഷണൽ കായികതാരങ്ങളെപ്പോലും പിന്നിലാക്കി നേടീയ 3,000 രൂപയുടെ സമ്മാനത്തുക മക്കളുടെ പഠനാവശ്യത്തിനുള്ള പുസ്തകങ്ങൾ വാങ്ങാൻ ഉപയോഗിക്കുമെന്നാണ് ഈ അമ്മ പറയുന്നത്.
മുംബൈയിൽ വെച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരണപ്പെട്ടതോടെയാണ് രമാബായിയുടെ ജീവിതം പ്രതിസന്ധിയിലായത്. തുടർന്ന് കുടുംബം പുലർത്താനും രണ്ട് പെൺമക്കളുടെ വിദ്യാഭ്യാസം മുടങ്ങാതെ കൊണ്ടുപോകാനുമായി അവർ അംബജോഗായിലെ ഒരു സ്വകാര്യ അക്കാദമിയിൽ പാചകത്തൊഴിലാളിയായി ജോലിക്ക് ചേർന്നു.
മൂത്ത മകൾ പൂജ പൊലീസ് റിക്രൂട്ട്മെന്റിനും ഇളയ മകൾ ബാങ്കിങ് പരീക്ഷകൾക്കുമാണ് തയ്യാറെടുക്കുന്നത്. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും പഠനത്തിൽ മികവ് പുലർത്തിയ പൂജയുടെ അക്കാദമി ഫീസ് ഡയറക്ടർ പൂർണമായും ഒഴിവാക്കി നൽകിയിരുന്നു.
നാട്ടിൽ മാരത്തൺ പ്രഖ്യാപിച്ചപ്പോൾ മക്കൾക്ക് പുസ്തകങ്ങൾ വാങ്ങാനുള്ള തുക കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് രമാബായി മത്സരത്തിനിറങ്ങിയത്. സാധാരണ വസ്ത്രവും ചെരിപ്പുമണിഞ്ഞ് ഓട്ടം തുടങ്ങിയെങ്കിലും വഴിയിൽ വെച്ച് ചെരിപ്പുകൾ ഊരിപ്പോകാൻ തുടങ്ങി.
എന്നാൽ പിന്തിരിയാൻ തയ്യാറാകാതിരുന്ന അവർ ചെരിപ്പുകൾ കയ്യിലെടുത്ത്, കല്ലും മണലും നിറഞ്ഞ റോഡിലൂടെ നഗ്നപാദയായി കുതിക്കുകയായിരുന്നു.
കാണികളുടെ ആവേശകരമായ കൈയടികൾക്കിടയിൽ ഒന്നാമതായി ഫിനിഷ് ലൈൻ മുറിച്ച് കടന്ന രമാബായിക്ക് പുറകിൽ രണ്ടാം സ്ഥാനം നേടിയത് മകൾ പൂജയായിരുന്നു എന്നത് ഈ വിജയത്തിന് മാറ്റുകൂട്ടി.
ഓടുമ്പോൾ മക്കളുടെ ഭാവിയും അവരുടെ സ്വപ്നങ്ങളും മാത്രമായിരുന്നു മനസിലുണ്ടായിരുന്നതെന്ന് വിജയിച്ച ശേഷം രമാബായി പ്രതികരിച്ചു. ഒരു അമ്മയുടെ ത്യാഗത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് രമാബായിയെന്ന് ജനപ്രതിനിധികളടക്കം നിരവധി പ്രമുഖർ പ്രശംസിച്ചു.
കഷ്ടപ്പാടുകളോട് പൊരുതി മക്കളുടെ തിളക്കമാർന്ന ഭാവിക്ക് വേണ്ടി ഓടിനേടിയ ഈ വിജയം നിരവധിയാളുകൾക്കാണ് പ്രചോദനമാകുന്നത്.