ജൈന അന്പലങ്ങളാൽ ഭക്തിനിർഭരമായ, ജൈന കാശി എന്നറിയപ്പെടുന്ന മൂഡബിദ്രിയുടെ മണ്ണിൽ ഈ വർഷത്തിലെ ആദ്യ ദേശീയ അത്ലറ്റിക് മീറ്റിന് ഇന്നു തുടക്കം. മംഗലാപുരത്തുനിന്നും 35 കിലോമീറ്റർ വടക്കു-കിഴക്കായുള്ള മൂഡബിദ്രിയിലെ ആൽവാസ് എഡ്യൂക്കേഷൻ ഫൗണ്ടേഷന്റെ സ്വരാജ്യ മൈതാനത്ത് 85-ാം ദേശീയ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിന് ഇന്നു ആവേശത്തുടക്കം.
രാജ്യത്തെ 312 സർവകലാശാലകളിൽനിന്നായി 4000ൽ അധികം കായികതാരങ്ങളാണ് ഇന്നു മുതൽ ട്രാക്കിലും ഫീൽഡിലും പോരിനിറങ്ങുന്നത്.
ആൽവാസ് എഡ്യുക്കേഷൻ ഫൗണ്ടേഷനൊപ്പം രാജീവ്ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസും ചേർന്ന് മീറ്റിന് ആതിഥേയത്വം വഹിക്കും.
ചോരത്തിളപ്പിലെത്തുന്ന യുവതാരങ്ങൾക്ക് ഭാവി ഇന്ത്യൻ ജഴ്സിയിലേക്കുള്ള വളർച്ചയ്ക്കിടയിലെ മറ്റൊരു പടിയാണ് ഈ മീറ്റ്.
ശ്രദ്ധേയ താരങ്ങൾ
അണ്ടർ 20 ലോക ജൂണിയർ മീറ്റ്, സൗത്ത് ഏഷ്യൻ ജൂണിയർ ചാന്പ്യൻഷിപ്പ് തുടങ്ങിയ വേദികളിൽ ഇന്ത്യയുടെ അഭിമാനമായ ഉത്തർപ്രദേശുകാരൻ ഷാരൂഖ് ഖാൻ മൂഡബിദ്രിയിലെ സ്വരാജ് മൈതാനിയിൽ പോരിനിറങ്ങും. ദേശീയ ജൂണിയർ സ്റ്റീപ്പിൾ ചേസ് റിക്കാർഡുകാരനാണ് ഷാരൂഖ് ഖാൻ.
വനിതാ ലോംഗ്ജംപിൽ ദേശീയ ജൂണിയർ ചാന്പ്യനായ മുബസീന മുഹമ്മദ്, ഡിസ്കസ്ത്രോ താരം നിഖിത കുമാർ, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ 400 മീറ്ററിലെ സ്വർണ ജേതാവായ ആകാഷ് രാജ്, ലോംഗ്ജംപിലെ സൂപ്പർ താരം ദീപാൻഷി സിംഗ് തുടങ്ങിയവരും മൂഡബിദ്രി മീറ്റിന്റെ ഗ്ലാമർ വർധിപ്പിക്കുന്നു.
കേരള സാന്നിധ്യം
കേരളത്തിൽനിന്നുള്ളതിൽ ഏറ്റവും വലിയ സംഘം കാലിക്കട്ട് സർവകലാശാലയ്ക്കാണ്; 32 വനിതകളും 37 പുരുഷന്മാരും അടക്കം 69 താരങ്ങൾ. 1500 മീറ്റർ സൂപ്പർ താരം ആദർശ് ഗോപി, 800 ബിജോയ് തുടങ്ങിയവരാണ് കാലിക്കട്ടിന്റെ മെഡൽ പ്രതീക്ഷ.
കോട്ടയം എംജിക്ക് 57 അംഗ സംഘമാണ്. സ്പ്രിന്റ് താരം എൻ. ശ്രീന, ട്രിപ്പിൾജംപർ അലീന ടി. ഷാജി തുടങ്ങിയവരാണ് എംജിയുടെ ഉറച്ച മെഡൽ പ്രതീക്ഷകൾ. കേരളയിൽനിന്ന് 22ഉം കണ്ണൂർ സർവകലാശാലയിൽനിന്ന് എട്ടു താരങ്ങളും മീറ്റിലുണ്ട്.
പുരുഷ വിഭാഗത്തിൽ നിലവിലെ രണ്ടാം സ്ഥാനക്കാരാണ് കാലിക്കട്ട് സർവകലാശാല. മലയാളി താരങ്ങളുടെയടക്കം കരുത്തിൽ തുടർച്ചയായ കിരീടമാണ് ആതിഥേയരായ മംഗളൂരു സർവകലാശാലയുടെ ലക്ഷ്യം.
പോക്കറ്റ് നിറയെ സമ്മാനം
46 ഇനങ്ങളിലായി നടക്കുന്ന മീറ്റിലെ മെഡൽ ജേതാക്കൾക്കായി 20 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് ആൽവാസ് എഡ്യൂകേഷൻ ഫൗണ്ടേഷൻ കരുതിയിരിക്കുന്നത്. സ്വർണ മെഡൽ ജേതാക്കൾക്ക് 15,000 രൂപയും വെള്ളിക്കാർക്ക് 10,000, വെങ്കലക്കാർക്ക് 5,000 രൂപയുമാണ് സമ്മാനത്തുക.
മീറ്റിൽ റിക്കാർഡ് തിരുത്തുന്നവർക്ക് 25,000 രൂപയും. മീറ്റിന്റെ ഉദ്ഘാടന ദിനമായ ഇന്ന് പുരുഷ-വനിതാ 10,000 മീറ്റർ ഓട്ടം ഫൈനലുകൾ അരങ്ങേറും.