കോഴിക്കോട്: ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ പ്രതിനിധീകരിച്ച കേരളീയരായ കായികതാരങ്ങള്‍ക്ക് മാസം 10,000 രൂപ വീതം നല്കാന് കായികവകുപ്പ്. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാനായി രൂപവത്കരിച്ച ‘ഇന്റര്‍നാഷണല്‍ അത്ലറ്റ് സപ്പോര്‍ട്ട് സ്കീം’ പ്രകാരമാണ് ധനസഹായം നല്‍കുക.
പദ്ധതി നടപ്പാക്കാന്‍ 1.20 കോടി രൂപയാണ് 2026-27 സാമ്പത്തികവര്‍ഷത്തില്‍ ചെലവഴിക്കുക. പദ്ധതി ഉടന്‍ നടപ്പാക്കാന്‍ വിശദ മാര്‍ഗരേഖ ഉടന്‍ പുറപ്പെടുവിക്കുമെന്ന് കായികവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ശേഷം പരിശീലനം തുടരുന്നതിനും കായിക ഉപകരണങ്ങള്‍, പോഷകാഹാരം, യാത്ര, മത്സരത്തിനുള്ള തയാറെടുപ്പുകള്‍ എന്നിവയ്ക്കുമായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കായികതാരങ്ങള്ക്കാണു സഹായം ലഭിക്കുക.
പ്രതിമാസം 10,000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് ആകെ 1,20,000 രൂപയാണു ലഭിക്കുക. തുക ഒറ്റത്തവണയായി കായികതാരങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു കൈമാറാനാണ് ആലോചന. പരമാവധി 100 അത്ലറ്റുകള്ക്കാണ് ഈ വര്‍ഷം സഹായം.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച കായിക ഇനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചവര്ക്കാണ് സഹായം ലഭിക്കാന്‍ അര്‍ഹത. ഒളിംപിക്സ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, സാഫ് ഗെയിംസ്, യൂത്ത് ഒളിംപിക്സ്, ഏഷ്യന്‍ യൂത്ത് ഗെയിംസ്, കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ്, അതാത് കായികയിനങ്ങളിലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്/വേള്‍ഡ്കപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, വേള്‍ഡ് യൂണിവേഴ്സിറ്റി ഗെയിംസ് എന്നിവയില്‍ പങ്കെടുത്തവര്‍ക്ക് സാമ്പത്തികസഹായത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
മെഡല്‍ നേട്ടങ്ങള്‍ക്കു ലഭിക്കുന്ന മറ്റ് കാഷ് അവാര്‍ഡുകള്‍ക്കു പുറമേയാണു പദ്ധതി വഴിയുള്ള സഹായം.