കാസർഗോഡ്: ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഉണരുന്നു.
ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നതിനായി താത്കാലിക ഡോക്ടർമാരെ നിയമിക്കാൻ ഇനിമുതൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 11 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം.
മറ്റു ജില്ലകളിൽ നിന്നുൾപ്പെടെയുള്ള പുതിയ എംബിബിഎസ് ബിരുദധാരികൾക്ക് അവസരം കിട്ടുന്നതോടെ ജില്ലയിലെ ഡോക്ടർമാരുടെ ഒഴിവുകൾ താത്കാലികമായെങ്കിലും നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
ജില്ലാ ആശുപത്രി മുതൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ വരെ ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത പ്രശ്നവും ഇതുമായി ബന്ധപ്പെട്ട് ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വന്ന വാർത്തകളും ഇന്നലെ നടന്ന ജില്ലാ വികസനസമിതി യോഗത്തിൽ ചർച്ചയായിരുന്നു. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖയാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം അറിയിച്ചത്.
ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കർണാടക മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷനുള്ള എംബിബിഎസ് ബിരുദധാരികളെ കൂടി താത്കാലിക നിയമനത്തിന് പരിഗണിക്കണമെന്ന നിർദേശം സംസ്ഥാന സർക്കാരിലേക്ക് സമർപ്പിക്കണമെന്ന് ജില്ലാ വികസനസമിതി യോഗത്തിൽ വിവിധ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.