കോട്ടയം: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനും മറ്റു ചലനവൈകല്യങ്ങള്‍ക്കും നൂതന ചികിത്സാ സംവിധാനങ്ങളുമായി കാരിത്താസ് ആശുപത്രിയിലെ ന്യൂറോ സയന്‍സസ് വിഭാഗം.
ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്), അഡാപ്റ്റീവ് ഡിബിഎസ് തുടങ്ങിയ ആധുനിക ചികിത്സാരീതികളിലൂടെ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനും ദൈനംദിന ജീവിതത്തിലേക്കു മടങ്ങിയെത്താനും രോഗികളെ സഹായിക്കുന്നതാണ് നൂതനവിദ്യ.
ഡിബിഎസ് ചികിത്സയിലൂടെ നിരവധി രോഗികള്‍ക്ക് ആശ്വാസം ലഭിക്കുകയും ജീവിതത്തിലേക്കു മടങ്ങിയെത്താന്‍ സാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് ന്യൂറോളജി വിഭാഗം മേധാവി ഡോ. ജോസഫ് സെബാസ്റ്റ്യന്‍ പറഞ്ഞു.
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളായ വിറയല്‍, ചലനങ്ങളുടെ വേഗതക്കുറവ്, മരുന്നു മൂലമുണ്ടാകുന്ന അധിക ചലനങ്ങള്‍ എന്നിവ കുറയ്ക്കാന്‍ ഡിബിഎസ് ചികിത്സ സഹായകമാണ്. ചെറിയ കീ ഹോളിലൂടെ തലച്ചോറില്‍ സ്ഥാപിക്കുന്ന നേര്‍ത്ത രണ്ട് ഇലക്ട്രോഡുകള്‍ നെഞ്ചിലെ ത്വക്കിനടിയില്‍ സ്ഥാപിക്കുന്ന ബാറ്ററിയുമായി ബന്ധിപ്പിച്ചാണ് ചികിത്സ നടത്തുന്നത്. ഇതിലൂടെ ലഭിക്കുന്ന വൈദ്യുതി സിഗ്നലുകള്‍ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.
രോഗിയെ ആദ്യം പരിശോധിക്കുന്നത് ചലനരോഗ വിദഗ്ധനാണ്. വിശദമായ പരിശോധനകള്‍ക്കുശേഷം ഡിബിഎസ് ചികിത്സയിലൂടെ ഗുണം ലഭിക്കുമെന്ന് ഉറപ്പുള്ള രോഗികളെയാണ് ഈ ചികിത്സയ്ക്കായി തെരഞ്ഞെടുക്കുന്നത്. ഇതിനായി ന്യൂറോളജി, ന്യൂറോസര്‍ജറി, അനസ്തേഷ്യ, റേഡിയോളജി, സൈക്കോളജി, സൈക്യാട്രി, ഇന്ഫെക്ഷന് കണ്ട്രോള്, നഴ്സിംഗ് വിഭാഗങ്ങളുടെ ഏകോപിതമായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ചികിത്സാസംഘത്തിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ജോസഫ് സെബാസ്റ്റ്യന്‍ പറഞ്ഞു.
പാര്‍ക്കിന്‍സണ്‍സ് രോഗത്തിനും മറ്റു ചലനവൈകല്യങ്ങള്‍ക്കും സമഗ്ര ചികിത്സയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട് . ന്യൂറോളജി ഒപി സേവനം, ത്രോംബോളിസിസ് ചികിത്സാസൗകര്യത്തോടുകൂടിയ സ്ട്രോക്ക് യൂണിറ്റ്, 24 മണിക്കൂറും അടിയന്തര ചികിത്സാ സേവനം,സിസ്റ്റോണിയ രോഗത്തിനു ബോട്ടുലിനം ടോക്സിന് ചികിത്സ, സ്ട്രോക്കിനുള്ള ഇന്‍ട്രാ ആര്‍ട്ടീരിയല്‍, എന്‍ഡോവാസ്കുലര്‍ ചികിത്സകള്‍, അപസ്മാര രോഗനിര്‍ണയത്തിനും നിരീക്ഷണത്തിനുമുള്ള ഇഇജി സംവിധാനം, സമഗ്ര ന്യൂറോ റീഹാബിലിറ്റേഷന്‍, സംസാര-ഭാഷാ ചികിത്സ എന്നിവയും ന്യൂറോ സയന്‍സസ് വിഭാഗത്തിന്റെ മറ്റ് സവിശേഷതകളാണ്.
ചലനരോഗ വിദഗ്ധന്‍ ഡോ. വൈശാഖ കെ.വി, ഫംഗ്ഷണല്‍ ന്യൂറോ സര്ജന് ഡോ. ഐപ്പ് വി. ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്നത്. നൂതന ചികിത്സാരീതികള്‍ കൂടുതല്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ കാരിത്താസ് ആശുപത്രി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടറും സിഇഒയുമായ ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.