ശ്രീകാര്യം: അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ഉമർ മുഫ്താറിന്റെ വാദങ്ങൾ അന്വേഷണ സംഘം പൂർണമായും തള്ളി.
കൊലപാതകത്തിൽ ഉമറിനു നേരിട്ട് പങ്കുണ്ടെന്നും സംഭവസ്ഥലത്ത് അയാൾ ഉണ്ടായിരുന്നതിനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും പൊലിസ് ഉറപ്പിച്ചു പറയുന്നു.
കൊലപാതക സമയത്ത് താൻ വീട്ടിലുണ്ടെന്നു വരുത്തിതീർക്കാൻ ഉമർ സിസിടിവി കാമറകൾക്കു മുന്നിലൂടെ നടന്നു. ഫോൺ വീട്ടിൽവച്ച ശേഷം കൊലപാതക സ്ഥലത്തേക്ക് പോയി. ഒന്നാം പ്രതിയായ 17 വയസുകാരനെ കുറ്റപ്പെടുത്തി കാമുകിക്ക് തുടർച്ചയായി മെസേജുകൾ അയച്ചു. മോഷണത്തിൽ പ്രാവിണ്യമുള്ള ഉമർ അഭിരാമിന്റെ ഫോൺ തന്ത്രപരമായി ഒളിപ്പിച്ചുവെ ന്നും പൊലിസ് കണ്ടെത്തി.
അഭിരാമിന്റെ മൊബൈൽ ഫോൺ, ഷൂസ്, അഭിരാമിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബെൽറ്റ് എന്നിവ എവിടെയാണെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. മൊബൈൽ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ മൺവിളയായതിനാൽ ആ ഭാഗങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
കേസിൽ ഒന്നാം പ്രതിയായ 17 വയസുകാരനെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണു പൊലിസിന്റെ പ്രതീക്ഷ. ചോദ്യം ചെയ്യലിനോട് ഉമർ സഹകരിക്കുന്നില്ലെങ്കിലും പ്രതിയുടെ മൊഴികൾ കേസിൽ നിർണായകമാകും