കുറ്റിച്ചൽ: ഹോട്ടലിൽ വിൽപ്പനയ്ക്കായി എത്തിച്ച ഇരുതലമൂരിയുമായി നാലുപേർ പരുത്തിപ്പള്ളി വനംവകുപ്പിന്റെ പിടിയിലായി.
നെയ്യാറ്റിൻകര ടി.ബി. ജം ഗ്ഷനിലെ നെയ്യാർ റസിഡൻസി ഹോട്ടലിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വനം ഇന്റലിജൻസിനും വന്യജീവി കുറ്റകൃത്യനിയന്ത്രണ ബ്യൂറോയ്ക്കും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കരുനാഗപ്പള്ളി ആരുംകടവ് താനത്ത് ഹൗസിൽ സുദർശനൻ, കാട്ടാക്കട ഊരൂട്ടമ്പലം ഉദയഭവനിൽ കേശവകുമാർ, ലക്ഷദ്വീപ് ആന്ത്രോത്ത് പാട്ടക്കൽകാട് പി.കെ. അൻവർ, മാരായമുട്ടം മരുതുംതരൂർ തേരടി തലയ്ക്കൽ രതീഷ് എന്നിവരെയാണ് പരുത്തിപ്പള്ളി വനം റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
പ്രതികൾ വിൽപ്പനയ്ക്കായി ഹോട്ടലിൽ എത്തിച്ച ഇരുതലമൂരിക്ക് ഏകദേശം 143 സെന്റീമീറ്റർ നീളവും 4.51 കിലോഗ്രാം ഭാരവുമുണ്ടെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു. പരിശോധനയിൽ ഇരുതലമൂരിയെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
കോയമ്പത്തൂരിൽനിന്ന് അഞ്ചുലക്ഷം രൂപയ്ക്കു വാങ്ങിയ ഇരുതലമൂരിയാണ് വിൽപ്പനയ് ക്കായി നെയ്യാറ്റിൻകരയിലെത്തിച്ചതെന്നാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. തമിഴ് നാട്ടിൽനിന്നാണ് ഇവ ലഭിച്ചതെന്നും പ്രതികൾ അന്വേഷണ സംഘത്തോടു വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതിയായ സുദർശനന് വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട മുൻ കേസിലും പങ്കുണ്ടെന്നു വനംവകുപ്പ് അറിയിച്ചു. പാലോട് റേഞ്ചിൽ 2024-ൽ രജിസ്റ്റർ ചെയ്ത സമാന കേസിൽ ഒന്നാം പ്രതിയായിരുന്നു സുദർശനൻ. നിലവിലെ കേസിൽ കോയമ്പത്തൂരിൽനിന്ന് ഇരുതലമൂരിയെ എത്തിച്ചത് സുദർശനനാണെന്നാണ് അന്വേഷണത്തിലെ പ്രാഥമിക വിവരം.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും ഇരുതലമൂരിയെ എത്തിച്ചതിന്റെ ഉറവിടവും ഇടപാടിൽ ഉൾപ്പെട്ട മറ്റുള്ളവരെയും കണ്ടെത്തുന്നതിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചത്. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രൻ, എസ്എഫ്ഒമാരായ ജിജിമോൻ, രാഹുൽ സിംഗ്, ബിഎഫ്ഒമാരായ രമ്യ, കാവ്യ, രാജേഷ്, പി. സുരേന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.