ദുബായ്: ഐസിസി 2026 പുരുഷ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സും (321), പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്കാരവും നേടിയ മലയാളി താരം സഞ്ജു സാംസണിന് ലോക റാങ്കിംഗില്‍ വന്‍ കുതിപ്പ്.
ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗില്‍ 18 സ്ഥാനം മെച്ചപ്പെടുത്തി 22-ാം സ്ഥാനത്ത് സഞ്ജു എത്തി. കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗിലാണ് (637) സഞ്ജു. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോററായ (317) ഇഷാന് കിഷനും റാങ്കിംഗ് മെച്ചപ്പെടുത്തി. രണ്ടു സ്ഥാനം മുന്നേറി രണ്ടാം സ്ഥാനത്താണ് ഇഷാന്.
ലോകകപ്പില്‍ നിറംമങ്ങിയെങ്കിലും അഭിഷേക് ശര്‍മയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ലെന്നതും ശ്രദ്ധേയം. ന്യൂസിലൻഡിന് എതിരായ ഫൈനലിൽ അഭിഷേക് 21 പന്തിൽ 52 റൺസ് നേടിയിരുന്നു.
ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം പിന്നോട്ടിറങ്ങി ഏഴിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ടു സ്ഥാനം നഷ്ടപ്പെട്ട് ഒമ്പതിലുമായി. ശിവം ദുബെ നാലു സ്ഥാനം മുന്നേറി 27ല്‍ എത്തി.
വരുണിനു തിരിച്ചടി
ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. വരുണ്‍ രണ്ടിലേക്ക് ഇറങ്ങിയപ്പോള്‍ അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന് ഒന്നാം സ്ഥാനത്ത് എത്തി. ഒരു സ്ഥാനം മുന്നേറി ജസ്പ്രീത് ബുംറ ആറിലേക്കുയര്‍ന്നു.
ലോകകപ്പ് ഫൈനലിൽ 15 റൺസിനു നാല് വിക്കറ്റ് വീഴ്ത്തിയ ബുംറയായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്.