ദുബായ്: ചെങ്കടലിലെ തന്ത്രപ്രധാന ദ്വീപുകൾ പിടിച്ചെടുത്ത് യെമനിലെ ഹൂതി വിമതർ. തെക്കൻ ചെങ്കടലിലെ ഗ്രേറ്റർ ഹാനിഷ്, ലെസ്സർ ഹാനിഷ് ദ്വീപുകളാണു പിടിച്ചെടുത്തത്. ഇതോടെ ഹോർമുസിന് ബദൽ പാതയായ ബാബ് അൽ മൺഡെപ് കടലിടുക്ക് നിയന്ത്രിക്കാൻ ഹൂതികൾക്ക് സാധിക്കും.
സൗദി പിന്തുണയുള്ള യെമനി സൈന്യം ഹൂതികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് ദ്വീപുകൾ കൂടി വിമത സൈന്യം പിടിച്ചെടുത്തത്. ഇറാൻ ഹോർമുസ് അടച്ചതോടെ അസംസ്കൃത എണ്ണ കയറ്റുമതിക്കായി സൗദി ബാബ് അൽ മൺഡെപ് കടലിടുക്കാണ് ഉപയോഗിച്ചുവന്നത്. ഇതോടെ സൗദിയുടെ എണ്ണ പുറത്തേക്ക് കൊണ്ടുപോകുന്നത് തടസപ്പെടും.
ഇതിനിടെ സൗദിയുടെ എണ്ണ സംസ്കരണകേന്ദ്രങ്ങൾക്കു നേരേയുള്ള ആക്രമണത്തെ അപലപിച്ച് ചൈന രംഗത്തുവന്നു. സൗദിക്കു നേരേയുള്ള ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്ന് ചൈന അറിയിച്ചു. എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ആവശ്യപ്പെട്ടു.
യോഗം മാറ്റിവച്ചു
ഹോർമുസ് പ്രതിസന്ധി പരിഹരിക്കാൻ ഒമാനിൽ നടക്കേണ്ടിയിരുന്ന ഗൾഫ് രാജ്യങ്ങളുടെ നിർണായക യോഗം മാറ്റിവച്ചു. സൗദിയുടെ ആവശ്യപ്രകാരമാണ് ചർച്ച മാറ്റിവച്ചതെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു.
മേഖലയിലെ സുരക്ഷ പുനഃസ്ഥാപിക്കാനുള്ള മികച്ച അവസരമായിരുന്നു ഒമാനിൽ നടക്കാനിരുന്ന ചർച്ചയെന്നും ബഗായ് കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ഇറാൻ-ഒമാൻ കരാറിന് അന്തിമരൂപമായെന്നും പിന്നീട് പ്രഖ്യാപിക്കുമെന്നും ബഗായ് അറിയിച്ചു.
കരാർ മറ്റ് ഗൾഫ് രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സൗദി ഭേദഗതികൾ നിർദേശിച്ചിരുന്നു. ചർച്ചയിൽ പങ്കെടുക്കാനുള്ള തീരുമാനം ഇറാക്ക് മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്. ടെഹ്റാനുമായി നയതന്ത്ര ബന്ധമില്ലാത്തതിനാൽ പങ്കെടുക്കില്ലെന്ന് ബഹ്റൈൻ അറിയിച്ചിരുന്നു.
അപലപിച്ച് ഇറാൻ
ആണവ മേധാവി മുഹമ്മദ് ഇസ്ലാമിക്ക് ഓസ്ട്രിയ വീസ നിഷേധിച്ച നടപടിയെ അപലപിച്ച് ഇറാൻ രംഗത്തുവന്നു. വീസ നിഷേധിച്ചതോടെ വിയന്നയിൽ നടക്കുന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഹമ്മദ് ഇസ്ലാമിക്കും സംഘത്തിനും സാധിച്ചില്ല.
ഓസ്ട്രിയയുടെ നടപടി ന്യായീകരിക്കാൻ കഴിയാത്തതാണ്. ആതിഥേയ രാജ്യമെന്ന നിലയിൽ വീസ അനുവദിക്കാൻ ഓസ്ട്രിയയ്ക്ക് ബാധ്യതയുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഓസ്ട്രിയൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തിയതായും ബഗായി പറഞ്ഞു.
ഇറാൻ ചരക്ക് കപ്പലിനു നേർക്ക് ആക്രമണം
ഹോർമുസ് ദ്വീപിലെ ഖെഷം ദ്വീപിനു സമീപം ഇറാന്റെ ചരക്കുകപ്പലിനു നേർക്ക് ആക്രമണമുണ്ടായി. ആക്രമണത്തിൽ ഒരാൾ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻ സി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. എന്നാൽ അമേരിക്കൻ സൈന്യം ഇക്കാര്യത്തിൽ പ്രതികരണം നടത്തിയില്ല.