ടെൽ അവീവ്: ഇസ്രയേലിൽ കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നയങ്ങളെ എതിർക്കുന്ന മതൻ കഹാന പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞമാസത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം സർക്കാർ രൂപവത്കരിക്കാൻ നിയുക്തനായ ഗാദി ഐസൻകോട്ടിന്റെ പാർട്ടിക്കാരനാണ് ഇദ്ദേഹം. അതേസമയം, ഐസൻകോട്ടിന് ഇതുവരെ സർക്കാർ രൂപവത്കരണത്തിനു സമയവായം കണ്ടെത്താനായിട്ടില്ല.
120 അംഗ ഇസ്രേലി പാർലമെന്റായ നെസെറ്റിൽ മതൻ കഹാനയ്ക്ക് 66 വോട്ടുകൾ ലഭിച്ചു. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കാരനായ അമീർ ഒഹാനയായിരുന്നു പഴയ സ്പീക്കർ.
എല്ലാ ഇസ്രേലി പൗരന്മാരുടെയും ഭവനമാണ് നെസറ്റ് എന്നും എല്ലാവരുടെയും സ്പീക്കറാകാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും മതൻ കഹാന പറഞ്ഞു. അതേസമയം, തീവ്രവാദത്തെ പിന്തുണയ്ക്കുന്ന അറബ് പാർട്ടികളുടെ വോട്ടുകൊണ്ടാണു കഹാന ജയിച്ചതെന്ന് ലിക്കുഡ് പാർട്ടി പ്രതികരിച്ചു.
ഇസ്രയേലിൽ സ്പീക്കർക്ക് വലിയ അധികാരങ്ങളുണ്ട്. ഏതൊക്കെ നിയമനിർമാണങ്ങൾ വോട്ടിനിടണം എന്നു തീരുമാനിക്കുന്നത് സ്പീക്കറാണ്. നെതന്യാഹുവിനെതിരായ ഐസൻകോട്ടിന്റെ നീക്കങ്ങളെ കഹാന പിന്തുണയ്ക്കും. ഗാസ യുദ്ധത്തിനു കാരണമായ ഹമാസ് ഭീകരാക്രമണത്തെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണമായിരിക്കും ഇതിലൊന്ന്. ഈ നീക്കത്തെ നെതന്യാഹു എതിർത്തിരുന്നു. പ്രധാനമന്ത്രിയുടെ കാലാവധിക്കു പരിധി നിശ്ചയിക്കുക, ജുഡീഷ്യറിക്കു കൂച്ചുവിലങ്ങിട്ട് നെതന്യാഹു കൊണ്ടുവന്ന നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ നീക്കങ്ങളും പ്രതീക്ഷിക്കുന്നു.