ഒറ്റപ്പാലം: സബ് കളക്ടറുടെ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് പനമണ്ണ സ്വദേശികൾ. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയ പനമണ്ണയിലെ കരിങ്കൽക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഇടയിലാണ് ഒറ്റപ്പാലം സബ് കളക്ടർ കഴിഞ്ഞദിവസം കരിങ്കൽ ക്വാറി സന്ദർശനം നടത്തിയ ശേഷം വിവിധ വകുപ്പുകളോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. കളക്ടറുടെ സന്ദർശനത്തിൽ പ്രദേശവാസികൾ പ്രതീക്ഷയർപ്പിച്ച് നിൽക്കുകയാണ്. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജനകീയ സമരസമിതിയും.
പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സൗത്ത് പനമണ്ണയിലെ ഇത്തിയൻമലയിലെ ക്വാറിയുടെ പ്രവർത്തനം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ വകുപ്പുകൾക്ക് ഒറ്റപ്പാലം സബ് കളക്ടർ അൻജിത് സിംഗ് നിർദേശം നൽകിയത്.
ക്വാറി പ്രവർത്തിക്കുന്നതുമൂലം വീടുകൾക്ക് വിള്ളലുണ്ടായെന്നും കുടിവെള്ളപ്രശ്നമുണ്ടെന്നും കാണിച്ച് പ്രദേശവാസികൾ നേരത്തെ പരാതി നൽകിയിരുന്നു. ജിയോളജിയുൾപ്പെടെയുള്ള വകുപ്പുകളോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സബ് കളക്ടർ നിർദേശംനൽകിയത്.
ക്വാറി പ്രദേശവും പരാതിനൽകിയവരുടെ വീടുകളും സബ് കളക്ടർ പരിശോധിച്ചിരുന്നു. സബ് കളക്ടറുടെ റിപ്പോർട്ട് ജില്ലാകളക്ടർക്ക് കൈമാറി. നിർദേശാനുസരണം നടപടിയെടുക്കുമെന്നു അൻജീത് സിംഗ് പറഞ്ഞു.