മുംബൈ: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്നു മംഗളൂരു മേഖലയെ വേർപെടുത്തി മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരേ കൊങ്കൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ കേരളത്തിൽനിന്നുള്ള പ്രതിനിധികളുടെ ശക്തമായ പ്രതിഷേധം .
നവി മുംബൈയിൽ നടന്ന യോഗത്തിൽ സജീവ് ജോസഫ് എംഎൽഎയും രാജ്യസഭാംഗം ജെബി മേത്തറും വിഷയത്തിൽ കടുത്ത എതിർപ്പ് രേഖപ്പെടുത്തി കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിന് നിവേദനം സമർപ്പിച്ചു.
ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽനിന്ന് തെക്ക്-പടിഞ്ഞാറൻ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്ന റെയിൽവേ ബോർഡിന്റെ ഉത്തരവ് കേരളത്തിന്റെ റെയിൽവേ താത്പര്യങ്ങൾക്ക് ഗുരുതരമായ തിരിച്ചടിയാകുമെന്ന് ഇരുവരും യോഗത്തിൽ ചൂണ്ടിക്കാട്ടി.
കേരള സർക്കാരുമായോ സംസ്ഥാനത്തെ ജനപ്രതിനിധികളുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് ഈ തീരുമാനമെടുത്തതെന്നും പനമ്പൂർ തുറമുഖ റെയിൽ ശൃംഖല ഉൾപ്പെടുന്ന മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽനിന്നു വേർപെടുത്തുന്നത് ഡിവിഷന്റെ സാമ്പത്തിക ഭദ്രതയെയും പ്രവർത്തനശേഷിയെയും ഭാവി വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അവർ വ്യക്തമാക്കി.
വിഭജന ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും അതുവരെ ഉത്തരവ് മരവിപ്പിച്ച് കേരള സർക്കാരുമായും എംപിമാരുമായും ഔദ്യോഗിക ചർച്ചകൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് അടിയന്തര ഇടപെടലുകൾ ഉണ്ടാകുമെന്ന് കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് സിഎംഡി സന്തോഷ് കുമാർ ഝാ അറിയിച്ചു.