ജാർഖണ്ഡിലെ പലാമു ജില്ലയിൽ രാഷ്ട്രീയ ജനതാദൾ എംഎൽഎ നരേഷ് പ്രസാദ് സിങ്ങിനെ മറ്റൊരാളുടെ തോളിലേറ്റി പുഴ മുറിച്ചുകടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
ജനപ്രതിനിധിയെ ചുമന്ന വ്യക്തി ദളിത് വിഭാഗത്തിൽപ്പെട്ടയാളാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സംഭവത്തിൽ സാമൂഹികവും രാഷ്ട്രീയവുമായ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. പുഴ കടക്കാനായി യുവാവിന്റെ തോളിൽ ഇരുന്നു യാത്ര ചെയ്യുന്ന എംഎൽഎയെയാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.
എന്നാൽ പുഴയുടെ മധ്യഭാഗത്തേക്ക് എത്തിയപ്പോഴേക്കും ചുമന്നുകൊണ്ടുപോയ യുവാവിന്റെ കാലിടറുകയും ഇരുവരും വെള്ളത്തിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.
വെള്ളത്തിൽ വീണ എംഎൽഎയ്ക്ക് പെട്ടെന്ന് എഴുന്നേൽക്കാൻ സാധിക്കാതെ പ്രയാസപ്പെടുന്നതും, ചുറ്റും കൂടിനിന്ന ആളുകൾ ഇത് കണ്ട് ചിരിക്കുന്നതും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ വ്യക്തമാണ്.
'എക്സ്' ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഈ ദൃശ്യങ്ങൾ അതിവേഗം പ്രചരിച്ചതോടെ എംഎൽഎയുടെ പ്രവൃത്തിക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.
ഇത്തരമൊരു രീതിയിൽ പുഴ കടക്കാൻ എംഎൽഎ തീരുമാനിച്ചതിന് പിന്നിലെ യഥാർഥ സാഹചര്യമെന്താണെന്നോ, വീഡിയോയുടെ ആധികാരികതയെന്താണെന്നോ ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സംഭവം വലിയ രീതിയിൽ ചർച്ചയായിട്ടും വിവാദങ്ങളോട് നരേഷ് പ്രസാദ് സിങ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.