ആരാധകരെ ആവേശത്തിരയിലാഴ്ത്തി പുതിയ ജെയിംസ് ബോണ്ട്. റോബർട്ട് പാറ്റിൻസൺ ആകും ഇനി പുതിയ ജെയിംസ് ബോണ്ട്. ഹാരി പോട്ടറിലെ സെഡ്രിക്കായും ട്വിലൈറ്റിലെ എഡ്വേർഡ് ആയും ബാറ്റ്മാനായുമൊക്കെ തിളങ്ങിയ പാറ്റിൻസൻ എങ്ങനെയാകും ബോണ്ടിനെ തന്റെ തനതായ ശൈലിയിൽ അവതരിപ്പിക്കുക എന്ന കാത്തിരിപ്പിലാകും ഇനി പ്രേക്ഷകർ.
ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ ബോണ്ടിനെ അവതരിപ്പിച്ചത്. ജെയിംസ് ബോണ്ടായി എത്തുന്ന എട്ടാമത്തെ നടനാണ് 40കാരനായ പാറ്റിൻസൺ.
ബ്ലാക്ക് സ്വ്യൂട്ടിൽ ഇരുട്ടിൽനിന്ന് കൈത്തോക്കുമായി പുറത്തേക്ക് വരുന്ന പാറ്റിൻസണെയാണ് പ്രഖ്യാപന വിഡിയോയിൽ കാണാനാകുക. പശ്ചാത്തലത്തിൽ പ്രശസ്തമായ 007 സംഗീതവും കേൾക്കാം.
‘ഐഡന്റിറ്റി കൺഫേംഡ്’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 'ജെയിംസ് ബോണ്ട് തിരിച്ചെത്തും' എന്ന വാചകത്തോടെയാണ് ക്ലിപ്പ് അവസാനിക്കുന്നത്.
2021ലാണ് അവസാന ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’ റിലീസിനെത്തുന്നത്. ഷോൻ കോണറി, ഡേവിഡ് നിവൻ, ജോർജ് ലേസൻബി, റോജർ മൂർ, തിമോത്തി ഡാൾട്ടൺ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഗ് എന്നിവരാണ് പാറ്റിൻസണ് മുമ്പ് ബോണ്ടിന്റെ കുപ്പായമണിഞ്ഞവർ.
‘ഹാരി പോട്ടർ ആൻഡ് ദ ഗോബ്ലറ്റ് ഓഫ് ഫയർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പാറ്റിൻസൺ ട്വിലൈറ്റ് പരമ്പരയിലൂടെയാണ് ആഗോളതലത്തിൽ പ്രശസ്തനായത്. പിന്നീട് ഡിസി ചിത്രങ്ങളിൽ ബാറ്റ്മാനായി എത്തി.
‘ദ് ഒഡീസി’, ‘ഡ്രാമ’, ‘പ്രൈംടൈം’ എന്നിവയാണ് പാറ്റിൻസണിന്റെ ഈ വർഷം റിലീസായ ചിത്രങ്ങൾ. ‘ഡ്യൂൺ 3’ യാണ് നടന്റെ അടുത്ത റിലീസ്.