കോഴിക്കോട്: വൈദേകം റിസോർട്ട് വിവാദത്തിൽ സിപിഎം നേതാവ് ഇ.പി. ജയരാജനും ഭാര്യ ഇന്ദിരയ്ക്കുമെതിരെ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റ് തന്റേതല്ലെന്ന് ആവർത്തിച്ച് ശ്യാംജിത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാപനത്തിലെ നടപടികളെ ചോദ്യം ചെയ്തതിനെ തുടർന്ന് മുൻ എംഎൽഎ ജെയിംസ് മാത്യു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ശ്യാംജിത്ത് ആരോപിച്ചു.
വൈദേകം റിസോർട്ടിനുവേണ്ടി ഇ.പി. ജയരാജൻ കർത്തയിൽനിന്ന് പണം കൈപ്പറ്റിയെന്ന തരത്തിൽ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ താനല്ലെന്നാണ് ശ്യാംജിത്തിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് അക്കൗണ്ട് ഹാക്കിങ്ങിനെതിരെ പരാതി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യ ദീപ വൈദേകം റിസോർട്ടിൽ അക്കൗണ്ടന്റായിരുന്നു.
നിയമവിരുദ്ധമായാണ് അവരെ ജോലിയിൽനിന്ന് പുറത്താക്കിയതെന്നും ശ്യാംജിത്ത് വ്യക്തമാക്കി. ജീവനക്കാരുടെ ബോണസ് വിതരണത്തിലും പർച്ചേസ് വൗച്ചറുകളിലും നടന്ന ക്രമീകരണങ്ങൾ മാനേജ്മെന്റിന്റെ നിർദേശപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.