ചിങ്ങവനം: കാനഡയിൽ നഴ്സിംഗ്, ഡ്രൈവർ ജോലികൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പ്രതിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശേരി സ്വദേശിയുംഎറണാകുളം പനങ്ങാട് താമസക്കാരനുമായ ജയിംസ് കുട്ടി കുര്യാക്കോസ് (64) യെയാണ് ചിങ്ങവനം പോലീസ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
നേരത്തെ ചിങ്ങവനം പോലീസിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ജോലി വാഗ്ദാനം ചെയ്ത് വിവിധ ആളുകളിൽനിന്ന് ഇയാൾ വൻതുക കൈപ്പറ്റി. തുടർന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ജോലിയോ പണമോ നൽകിയില്ല. അന്പതോളം പേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.
ചിങ്ങവനം പോലീസിൽ മാത്രം 15 പരാതികൾ നിലവിലുണ്ട്. എടത്വ, കരുനാഗപ്പള്ളി, പത്തനംതിട്ട, കൂത്താട്ടുകുളം, പേരാമംഗലം, മരങ്ങാട്ടുപള്ളി, വൈക്കം, ഫോർട്ട് കൊച്ചി, അങ്കമാലി, ചങ്ങനാശേരി, എലത്തൂർ, തൊടുപുഴ, പള്ളിക്കത്തോട് സ്റ്റേഷനുകളിലും കേസുകളുണ്ട്.