കുട്ടനാട്: വർധിച്ചുവരുന്ന വാഹനാപകടങ്ങളും ഗതാഗതതടസവും അടിക്കടിയുള്ള പൊലിസിന്റെ പെറ്റിക്കേസുംമൂലം പൊറുതിമുട്ടിയതിനെത്തുടർന്ന് എസി റോഡിന്റ വീതി പുനഃസ്ഥാപിക്കുക, ഗതാഗത തടസങ്ങൾക്കും അപകടങ്ങൾക്കും ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യവുമായി കേരള ജനകീയ പ്രതിരോധസമിതിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ ബഹുജന പ്രക്ഷോഭത്തിന് തുടക്കംകുറിക്കാനൊരുങ്ങുന്നു.
റോഡ് പുനർനിർമിച്ചപ്പോൾ ചങ്ങനാശേരി മുതൽ കളർകോട് വരെ ഇരുവശവും ആറടി വീതിയിൽ നടപ്പാത നിർമ്മിച്ചത് റോഡിന്റെ വീതി കുറയുന്നതിന് കാരണമായെന്ന് മാത്രമല്ല ഗതാഗതക്കുരുക്കും അപകടവും വർധിച്ച് നിരവധി പേരുടെ ജീവൻ പൊലിയുന്നതിനും കാരണമായി. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ റോഡിന്റെ ഓരംചേർന്ന് ഒരു വാഹനവും നിർത്തിയിടുവാൻപോലും പറ്റാത്ത സാഹചര്യമാണ്. ഉടനെ പൊലിസ് എത്തി ഫോട്ടോയെടുത്തശേഷം പെറ്റിക്കേസ് ചുമത്തുന്നതിനാൽ പിഴയടച്ച് ജനം പൊറുതിമുട്ടുന്നസ്ഥിതിയാണ്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 1647 കോടി രൂപയിലധികം മുടക്കിയായിരുന്നു റോഡിന്റെ നവീകരണം.
ഇരുവശവും ആറടി വീതിയിൽ നടപ്പാത നിർമ്മിക്കുന്നത് റോഡിന്റെ നിലവിലുള്ള വീതി നന്നായി കുറയുന്നതിനും അപകടങ്ങൾ വർധിക്കുന്നതിനും ഗതാഗതക്കുരുക്ക് വർധിക്കുന്നതിനും കാരണമാകുമെന്ന് ജനം അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. അത് അംഗീകരിക്കുവാനോ ആവശ്യമായ മാറ്റം വരുത്തുവാനോ അധികാരികൾ തയ്യാറായില്ല.
ഇതേ തുടർന്ന് രാമങ്കരി, പള്ളിക്കുട്ടുമ്മ, മങ്കൊന്പ്, കിടങ്ങറ തുടങ്ങിയ ജംഗ്ഷനുകളിൽ ഇക്കാലയളവിനുള്ളിൽ തന്നെ നിരവധി പേരുടെ ജീവൻ പൊലിയുകയുണ്ടായി. അതുപോലെ എസി റോഡിൽ രാത്രി കാലത്തും രാവിലെയും കെഎസ്ആർടിസി സർവീസ് വെട്ടിക്കുറച്ചതും ജനത്തെ വല്ലാതെ ബുദ്ധിമുട്ടിയ്ക്കുകയാണ്.
ജനങ്ങളുടെ ജീവനും യാത്രയ്ക്കും സംരക്ഷണം നല്കാൻ സർക്കാർ തയാറാകണമെന്നും ജനകീയ പ്രതിരോധ സമിതി ഭാരവാഹികൾ പറഞ്ഞു.