പൂച്ചാക്കൽ: പാണാവള്ളി-പെരുമ്പളം കായലിൽ ഒരു കാലത്ത് ജനങ്ങളുടെ ജീവനാഡിയായിരുന്നു ഐശ്വര്യം ജങ്കാർ. എന്നാൽ, ഇന്ന് ജങ്കാറിന്റെ അവസ്ഥ ആരെയും കണ്ണീരണിയിക്കുന്നതാണ്.
പെരുമ്പളം പാലം യാഥാർഥ്യമായതോടെ ജങ്കാർ സർവീസ് നിർത്തിവയ്ക്കുകയും തുടർന്ന് ജങ്കാർ അനാഥമായി പെരുമ്പളം വാത്തിക്കാട് ജെട്ടിയിൽ നങ്കൂരമിടുകയുമായിരുന്നു.
പാലം വന്നെങ്കിലും ദ്വീപ് നിവാസികൾക്ക് വാഹനം വഴി പൂത്തോട്ട ഭാഗത്തേക്ക് പോകാൻ നിലവിൽ യാതൊരു സൗകര്യവുമില്ല. നേരത്തെ വാത്തിക്കാട്-പൂത്തോട്ട റൂട്ടിൽ ജങ്കാർ സർവിസ് ഉണ്ടായിരുന്നെങ്കിലും പിന്നീടത് പിൻവലിക്കുകയായിരുന്നു. ജങ്കാറിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചുവെങ്കിലും സർവീസ് പുനരാരംഭിക്കുന്നതിനായുള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഗതാഗത സൗകര്യമില്ലാതെ ജങ്കാർ വെറുതെ കിടക്കുന്നതിനാൽ ഇന്ന് നാട്ടുകാരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. കായലോരത്തെ വെയിലും കാറ്റും ലഭിക്കുന്ന ജങ്കാറിന്റെ ഡെക്ക് ഇപ്പോൾ നാട്ടുകാർ കൊപ്രയും മീനും ഉണക്കുന്ന സ്ഥലമായി മാറി. ഒരു കാലത്ത് തിരക്കേറിയ യാത്രക്കാരുണ്ടായിരുന്ന ജങ്കാറിന്റെ തട്ടിൽ ഇപ്പോൾ ഉണങ്ങുന്ന കൊപ്രയുടെയും മീനിന്റെയും ഗന്ധമാണ്.
പകൽസമയത്ത് കൊപ്ര ഉണക്കാൻ ഉപയോഗിക്കുന്ന ജങ്കാർ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെയും മദ്യ-മയക്കുമരുന്ന് സംഘങ്ങളുടെയും പ്രധാന താവളമായി മാറിയതായി നാട്ടുകാർ പറയുന്നു. അധികൃതരുടെ ശ്രദ്ധയില്ലാത്തതാണ് ഇവിടെ സാമൂഹ്യവിരുദ്ധർ തമ്പടിക്കാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. സർവീസ് പുനരാരംഭിക്കാനോ അല്ലെങ്കിൽ ജങ്കാറിനെ സംരക്ഷിക്കാനോ അധികൃതർ തയാറാകുന്നില്ല.